ന്യൂഡൽഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സ്‌കൂളുകളും സർവകലാശാലകളും അടയ്‌ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശം.സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേതടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവയ്‌ക്കും. മാർച്ച് 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുകയോ പരീക്ഷകൾ നടത്തുകയോ ചെയ്യരുതെന്നാണ് നിർദേശം.
വ്യാഴാഴ്ചമുതൽ 31 വരെ നടക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. ഇവ എന്നുനടക്കുമെന്ന് 31നുശേഷം അറിയിക്കും. വടക്കുകിഴക്കൻ ഡൽഹിയിലെ വിദ്യാർഥികളുടെ പുനഃപരീക്ഷയും മാറ്റിയിട്ടുണ്ട്. ഉത്തരക്കടലാസ് പരിശോധനയും 31വരെ നിർത്തിവെച്ചു. ഇത് ഏപ്രിൽ ഒന്നുമുതൽ വീണ്ടും തുടങ്ങും.
യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിംഗ്, ജെ.ഇ.ഇ. മെയിൻ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ജെ.ഇ.ഇ.യുടെയും മറ്റു മത്സരപ്പരീക്ഷകളുടെയും പുതിയ തീയതി സി.ബി.എസ്.ഇ. പരീക്ഷകൾക്കനുസരിച്ചു പുനഃക്രമീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
അതേസമയം, നിലവിൽ കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്തെ സർവകലാശാല പരീക്ഷകളിൽ ആശയക്കുഴപ്പമുണ്ട്. തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെ ആരോഗ്യ സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.