പ്രമേഹരോഗി കഴിക്കേണ്ട മാതൃകാ ഭക്ഷണക്രമം അനുസരിച്ചുള്ള പ്ളേറ്രിന് മൂന്ന് ഭാഗങ്ങളുണ്ടായിരിക്കും. ഒരു ഭാഗം അന്നജം, ഒരു ഭാഗം മാംസ്യം (മത്സ്യം, മുട്ട, മാംസം,പാൽ,പരിപ്പ്,പയറുവർഗങ്ങൾ) അവസാനഭാഗം പച്ചക്കറികൾ എന്നിവയാണ് ഉൾപ്പെടുത്തേണ്ടത്. അന്നജം മുഴുധാന്യങ്ങളും തവിടുള്ളതും നാരുകൾ നിറഞ്ഞതുമാവണം. ഉദാ : തവിടുള്ള അരി, ഗോതമ്പ്, റാഗി, ഓട്സ് .
ശരീരകോശങ്ങളുടെ നിലനില്പ്, ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രോട്ടീൻ അഥവാ മാംസ്യം വളരെ അത്യാവശ്യമാണ്. പ്രഭാതഭക്ഷണത്തിൽ തന്നെ മതിയായ അളവിൽ പ്രോട്ടീൻ ലഭിച്ചാൽ ദിവസം മുഴുവൻ ക്ഷീണമകന്ന് ഉന്മേഷത്തോടെയിരിക്കാം. വേണ്ടത്ര പ്രോട്ടീൻ ലഭിച്ചാൽ ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കണമെന്ന തോന്നലും ഒഴിവാക്കാം.
നാരുകളാൽ സമ്പുഷ്ടമായതും വേവിക്കാത്തതുമായ പച്ചക്കറികൾ, ഇലക്കറികൾ, എന്നിവ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും പ്രദാനം ചെയ്യുന്നു. മാത്രമല്ല, പ്രമേഹരോഗികൾക്ക് ഇടയ്ക്കിടെയുണ്ടാകുന്ന വിശപ്പ് ഒരു പരിധിവരെ തടയാനും വയറ് നിറഞ്ഞതായ പ്രതീതി തോന്നാനും ഇത് സഹായിക്കും.