പൃഥ്വിരാജും ബിജു മേനോനും തകർത്തഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം അയ്യപ്പനും കോശിയും തമിഴിന് പുറമെ തെലുങ്കിലേക്കും റീമേക്കിങ്ങിന് ഒരുങ്ങുന്നു. തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ജേഴ്സി , അല വൈകുന്ധപുരംലു എന്നി ചിത്രങ്ങളുടെ നിർമാതാവ് സൂര്യദേവര നാഗ വംശിയാണ് അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി വരുന്നു.
ധനുഷിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ആടുകളം , കാർത്തിക് സുബ്ബരാജ് ചിത്രം ജിഗാത്തണ്ട എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് എസ്.കതിരേശനാണ് തമിഴിൽ അയ്യപ്പനും കോശിയും നിർമ്മിക്കുന്നത്. സംവിധായകൻ രഞ്ജിത്തും പി.എം ശശിധരനും ചേർന്ന് ഗോള്‍ഡ് കോയിൻ മോഷൻപിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ അനിൽ നെടുമങ്ങാട്,ജോണി ആന്റണി ,സാബു മോൻ, അനു മോഹൻ , ഗൗരി നന്ദ, അന്ന രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ജേക്സ് ബിജോയ് ചിത്രത്തിനായി ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും, സുദീപ് ഇളമണ്ണിന്റെ ഛായാഗ്രഹണവും സിനിമക്കൊപ്പം കൈയടി നേടിയിരുന്നു.