ചെന്നൈ: തമിഴ്നാട്ടിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതന്റെ രണ്ടാമത്തെ ടെസ്റ്റ് ഫലം നെഗറ്റീവ് ആയത് ആശ്വാസകരമായ വാർത്തയാണ്. ഇതിനിടയിൽ ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ മറ്റൊരു വ്യക്തിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വ്യക്തി വിദേശ രാജ്യങ്ങൾ ഒന്നും സന്ദർശിച്ചിട്ടില്ല എന്നത് ഇവിടെ തന്നെ ഇത് പകരുന്നു എന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ വ്യക്തി ഇപ്പോൾ ചെന്നൈയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. വിജയ് ഭാസ്ക്കർ അറിയിച്ചു.
ഒമാനിൽ നിന്ന് ചെന്നൈയിലെത്തിയ വ്യക്തിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്തെങ്കിലും അദ്ദേഹം വീട്ടിലും നിരീക്ഷണത്തിലായിരിക്കും. വ്യക്തികളിൽ നിന്ന് സമൂഹ വ്യാപനത്തിലേക്ക് എത്തുന്നത് തടയാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണെന്ന് ആരോഗ്യമന്തി അറിയിച്ചു. ഇപ്പോഴും ഇന്ത്യയിൽ കൊറോണ രണ്ടാം ഘട്ടത്തിൽ മാത്രമാണ്. മൂന്നാം ഘട്ടത്തിലാണ് സമൂഹ വ്യാപനം ഉണ്ടാകുന്നത്. അങ്ങനെ ഒരു ഘട്ടത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുക അസാധ്യമാകും. ഇത്തരം അവസ്ഥയിലേക്ക് എത്താതിരിക്കാനാണ് സർക്കാർ തീവ്ര പരിശ്രമത്തിലൂടെ സ്ഥിതി നിയന്തണവിധേയമാക്കാൻ ശ്രമിക്കുന്നത്.