manila-malayali

തിരുവനന്തപുരം: കൊറോണ ബാധയെ തുടർന്നുള്ള യാത്രാവിലക്കിൽ ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കഴിഞ്ഞ രണ്ട് ദിവസമായി നൂറിലധികം മെഡിക്കൽ വിദ്യാർത്ഥികളാണ് മനിലയിൽ കുടുങ്ങിക്കിടക്കുന്നത്.

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർ 72 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഫിലിപ്പൈൻസ് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് നാട്ടിലേക്ക് ടിക്കറ്റ് എടുത്തവരാണ് വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. ഫിലിപ്പൈൻസിൽ മാളുകൾ ഉൾപ്പെടെയുള്ളവ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ​ ആളുകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം,​ വിമാനത്താവളത്തിലേക്ക് ടാക്സിയിൽ യാത്ര ചെയ്യാൻ പോലും വിലക്കുണ്ടെന്ന് യൂണിവേഴ്സിറ്റി ഒഫ് പെർപെച്യുവൽ ഹെൽപിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയും കോട്ടയം സ്വദേശിനിയുമായ ലിയ മോൾ വാട്സ് ആപ് കാൾ വഴി കേരളകൗമുദിയോടു പറഞ്ഞു. ലിയയ്‌ക്കൊപ്പം താമസിക്കുന്ന എറണാകുളം സ്വദേശിനി അന്ന,​ തൃശൂർ‌ സ്വദേശിനി അഭിരാമി എന്നിവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.