exam-

ന്യൂഡൽഹി: കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ ഈ മാസം 19നും 31നും ഇടയില്‍ നടത്താൻ നിശ്ചയിച്ചിരുന്ന ഐഎസ്‍സി, ഐസിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഐസിഎസ്‍സിക്ക് മൂന്നും ഐഎസ്ഇക്ക് ഒരു പരീക്ഷയുമാണ് ഇനി നടത്താനുളളത്.

സിബിഎസ്ഇ 10,​ 12 പരീക്ഷകളും മാറ്റിവെച്ചു. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മുഴുവൻ പരീക്ഷകളും മാറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിർദേശത്തേ തുടർന്നാണ് അടിയന്തര തീരുമാനം. പരീക്ഷകൾ മാർച്ച് 31നു ശേഷം നടത്താന്‍ കഴിയും വിധം പുനഃക്രമീകരിക്കാനാണു നിർദേശം. യുജിസി, എഐസിടിഇ, ജെഇഇ മെയിൻ തുടങ്ങിയ പരീക്ഷകളും മാറ്റിവെച്ചു. സി ബി എസ് ഇ, എഞ്ചിനീയറിംഗ്, ഐ ഐ ടി പരീക്ഷകളടക്കം മാറ്റിവെക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ മാസം 19 മുതല്‍ 31 വരെയുള്ള പരീക്ഷകളാണ് കേന്ദ്രം മാറ്റിവെച്ചിട്ടുള്ളത്.

അതേസമയം നിലവില്‍ നടക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. എസ് എസ് എല്‍ സി പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിലും തീരുമാനമുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്ത് നടക്കുന്ന സി ബി എസ് ഇ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.