cow

കൊൽക്കത്ത : ഗോമൂത്രവും ചാണകവും കഴിച്ചാൽ കൊറോണ വൈറസ് ബാധയിൽ നിന്നും പ്രതിരോധശേഷി നേടാനാകുമെന്നാണ് ഡൻകുനിയിലെ മുബാദ് അലിയെന്ന വഴിയോര കച്ചവടക്കാരന്റെ വാദം.ഒരു ലിറ്റർ ഗോമൂത്രം 500 രൂപയ്ക്കും,​ഒരു കിലോ ചാണകം 500 രൂപയ്ക്കുമാണ് ഇയാൾ വിൽക്കുന്നത്. കൊൽക്കത്ത നഗരത്തിൽ നിന്നും ഇരുപത് കിലോമീറ്റർ മാറി ഡൽഹി കൊൽക്കത്ത നാഷണൽ ഹൈവേക്ക് സമീപത്താണ് ഇയാൾ ഗോമൂത്ര വ്യാപാരം നടത്തുന്നത്. കൊറോണ വൈറസിന് എതിരായ പ്രതിരോധ മരുന്നായി ഗോമൂത്രം ഉപയോഗിക്കാമെന്ന അറിവ് തനിക്ക് ലഭിച്ചത് ഡൽഹിയിൽ നടന്ന ഹിന്ദു മഹാസഭയുടെ പരിപാടിയിൽ നിന്നാണെന്നും അലി പറയുന്നു.

കുപ്പികളിലും പാത്രങ്ങളിലും നിറച്ചാണ് ഗോമൂത്രവും ചാണകവും ഇയാൾ വിൽക്കുന്നത്. "ഗോമൂത്രം കുടിക്കു കൊറോണ വൈറസിൽ നിന്നും രക്ഷനേടു" എന്ന പോസ്റ്റർ ഉൾപ്പടെ പതിച്ചാണ് റോഡിൽ കച്ചവടം. തനിക്ക് രണ്ട് പശുക്കളുണ്ട്. പാൽ വിറ്റാണ് ജീവിച്ചിരുന്നതെന്നും എന്നാൽ ഗോമൂത്ര പാർട്ടി എന്ന പരിപാടി ടിവിയിൽ കണ്ടപ്പോൾ പാൽ വിൽക്കുന്നതിനെക്കാൾ ലാഭം ഗോമൂത്രം വിറ്റാൽ ലഭിക്കുമെ താൻ തിരിച്ചറിഞ്ഞുവെന്നും മുബാദ് അലി പറയുന്നു. അലിയുടെ കടയിൽ ജേർസി പശുവിന്റെ ഒരു ലിറ്റർ ഗോമൂത്രത്തിനും ചാണകത്തിനും 300 രൂപയാണ്. ഇന്ത്യൻ പശുവിനെ പോലെ നല്ല ഇനം പശുവല്ല ജേർസി പശുവെന്നും,​ അതിനാൽ ജേർസി പശുവിന്റെ ഗോമൂത്രത്തിന് ആവശ്യക്കാ‌ർ കുറവാണെന്നും അലി പറയുന്നു. കച്ചവടം നല്ലരീതിയിൽ പൂരാഗമിക്കുന്നുണ്ടെന്നും കുടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും അലി വ്യക്തമാക്കി.