ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. 'എന്നെ ആരാണോ എതിർക്കുന്നത് അവർ എന്നെ വൈകാതെ തന്നെ സ്വാഗതം ചെയ്യുമെന്ന്'- സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗോഗോയി പറഞ്ഞു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌തത്.
രഞ്ജൻ ഗോഗൊയിയെ എം.പിയാക്കുന്നതിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. നടപടി നാണക്കേടാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. കൂടാതെ ഗോഗോയി എം.പിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
കോൺഗ്രസിൽ ചേർന്ന് എം.പിയായ മുൻ ചീഫ് ജസ്‌റ്റിസ് രംഗനാഥ് മിശ്രയ്‌ക്കും, കേരളാ ഗവർണർ പദവിയിലെത്തിയ ജസ്‌റ്റിസ് പി. സദാശിവത്തിനും ശേഷം ആദ്യമായാണ് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്‌ജിയ്ക്ക് രാഷ്‌ട്രീയ നിയമനം ലഭിക്കുന്നത്. അസം സ്വദേശിയായ ഗൊഗോയി സുപ്രിംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ചീഫ് ജസ്‌റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.