ഡോ. രജിത് കുമാർ എന്ന പേരിന് മലയാളികൾക്കിടയിൽ അധികം ആമുഖത്തിന്റെ ആവശ്യമില്ല. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ പ്രകടനം രജിത്തിന് പ്രായഭേദമന്യേ നിരവധിയാളുകളെയാണ് ആരാധകരായി നേടികൊടുത്തത്. റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിലടക്കം മുന്നോട്ടുവന്നവർ ധാരാളമാണ്. തുടർന്ന് കൊറോണയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് മനസു തുറക്കുകയാണ് ഡോ. രജിത് കുമാർ.
2001ൽ കല്യാണം കഴിച്ചു. കൊല്ലത്തു നിന്നാണ് കല്യാണം കഴിച്ചത്. നല്ല പെൺകുട്ടിയാണ്. നാലര അടി ഹൈറ്റും 86 കിലോയുമുണ്ടായിരുന്നു. ഹൈറ്റ് കുറവും വെയിറ്റ് കൂടുതലുമായിരുന്നതുകൊണ്ടു തന്നെ ഡെലിവറി കോംപ്ളിക്കേഷൻസ് കൂടുതലായിരുന്നു. ഒന്നാമത്തേത് അബോർഷനായി. കുറച്ചു നാൾ കഴിഞ്ഞ് രണ്ടാമത്തെ പ്രെഗിനൻസിയായി. അതും ട്യൂബിൽ കുടുങ്ങി സർജറിയൊക്കെ നടത്തി. ആ കുഞ്ഞും പോയി. ആ സമയത്ത് ഫാമിലിയാകെ പ്രോബ്ളമായി. എന്റെ അമ്മ വിശ്വാസിയായി. ജാതകം നോക്കിയപ്പോൾ ചൊവ്വാദോഷമുണ്ടെന്ന് പറഞ്ഞു. എനിക്കും അത് പ്രോബ്ളമാണെന്ന് കണ്ടു. ഞങ്ങൾ തമ്മിൽ നല്ല സ്‌നേഹമായിരുന്നെങ്കിലും, പലപ്പോഴും വാക്കുകൾ കൊണ്ട് പോരാടുമായിരുന്നു. അങ്ങനെ ഒടുവിൽ ഡൈവോഴ്‌സ് ആയി.
പിന്നീട് അവർ വിവാഹം കഴിച്ചു. ഞാൻ അതിന് പിന്നെ തയ്യാറായില്ല. ആ വിവാഹത്തിൽ അവർ പ്രസവിച്ചു, പക്ഷേ പ്രസവത്തോടെ മരണം സംഭവിക്കുകയായിരുന്നു. അന്നുമുതലാണ് ഞാൻ താടി വളർത്തി തുടങ്ങിയത്. അന്നുമുതൽ വേദവും പഠിക്കാൻ തുടങ്ങി.