ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മുകേഷ് സിംഗിന്റെ അമ്മയുടെ ഹർജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തേ തള്ളിയിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂറിന്റെ ഹർജിയും പട്യാല കോടതി തള്ളിയ സാഹചര്യത്തിലാണ് നാളെ പുലർച്ചെ വധശിക്ഷ നടപ്പിലാക്കുമെന്ന് ഉറപ്പായിരിക്കുന്നത്. ഇതിനുള്ള സജ്ജീകരണങ്ങൾ തിഹാർ ജയിലിൽ പൂർത്തിയാക്കി.
നാളെയാണ് പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത്. നാലു കുറ്റവാളികളെ വെളളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് തൂക്കിലേറ്റാനാണ് മരണവാറന്റിൽ പറയുന്നത്. കേസിലെ മുഖ്യപ്രതി ഡ്രൈവർ രാംസിംഗ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്‌തിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി 2015ൽ ജയിൽ മോചിതനായി.
2012 ഡിസംബർ 16നു രാത്രി ഒൻപതിനു ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറ് പേർ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയെയും ഒപ്പമുണ്ടായുരുന്ന യുവാവിനെയും ക്രൂരമായി മർദ്ദിച്ച് ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരണമടഞ്ഞു.