covid

കൊറോണ വൈറസ് സംസ്ഥാനത്ത് സമൂഹ വ്യാപനം സംശയിച്ച് തമിഴ്നാട് സർക്കാ‌‌ർ. ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ശ്രമകരമെന്നും തമിഴ്‍നാട് സര്‍ക്കാര്‍. ഇയാള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. സമ്പര്‍ക്ക പട്ടികയ്ക്കായി ദില്ലി സര്‍ക്കാരിന്‍റെ സഹായം തേടിയിരിക്കുകയാണ് തമിഴ്‍നാട് ആരോഗ്യവകുപ്പ്. യുപിയിലും ദില്ലിയിലും ഇയാള്‍ യാത്ര ചെയ്‌ത രാജധാനി എക്സ്പ്രസ് ട്രെയിനിലെയും പട്ടിക തയാറാക്കും. തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷിന്‍റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.കേരളം ഉൾപ്പടെ കോവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാട്ടിൽ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്.

അതേസമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിൻറെ ഭാഗമായി പഞ്ചാബിൽ പൊതുഗതാഗതം നിരോധിച്ചു. ബസ് ,​ഒട്ടോ റിക്ഷ,​ ടെമ്പോ തുടങ്ങിയ മുഴുവൻ വാഹനങ്ങളും നിരത്തിലിറങ്ങാൻ പാടില്ല. കോവിഡ് 19 പ്രതിരോധിക്കുന്നത് സംബന്ധിച്ച് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.പഞ്ചാബിൽ മാ‌ർച്ച് 21 മുതൽ പൊതുഗതാഗത നിരോധനം പ്രാബല്യത്തിൽ വരും.പൊതുപരിപാടികളിൽ 50 പേരിൽ കൂടുതൽ പങ്കടുക്കാൻ പാടില്ലന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കോവിഡ് 19 കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാനാണ് സർക്കാർ നടപടി.