aaa

അരിഞ്ജയ് ബാനർജി കാനഡയിൽ ഗവേഷക വിദ്യാർത്ഥി

ടോറന്റോ:ലോകത്താകെ മരണം വിതയ്‌ക്കുന്ന കൊറോണ വൈറസിനെ വേർതിരിച്ചെടുത്ത കനേഡിയൻ ശാസ്‌ത്രജ്ഞരുടെ സംഘത്തിൽ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാ‌ർത്ഥിയും ഉൾപ്പെടുന്നു.കാനഡയിലെ മക് മാസ്റ്റർ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്‌ഷ്യസ് ഡിസീസ് റിസർച്ചിലെ പോസ്റ്റ് ഡോക്‌ടറൽ ഗവേഷകനായ അരിഞ്ജയ് ബാനർജിയാണ് ഈ ശാസ്‌ത്ര നേട്ടത്തിൽ പങ്കാളിയായത്.

മക് മാസ്റ്റർ യൂണിവേഴ്‌സിറ്റിയിലെയും ടോറന്റോ യൂണിവേഴ്‌സിറ്റിയിലെ സണ്ണിബ്രൂക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും ശാസ്‌ത്രജ്ഞർ ഉൾപ്പെട്ട സംഘമാണ് കൊറോണ വൈറസിനെ വേർതിരിച്ചത്. സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രം കൊറോണ വൈറസ് -2 ( SARS - CoV -2 ) എന്നാണ ഈ വൈറസിന്റെ ശാസ്‌ത്ര നാമം.

കാനഡയിലെ രണ്ട് രോഗികളിൽ നിന്നെടുത്ത സാമ്പിളുകളിൽ നിന്നാണ് സംഘം ഈ വൈറസിനെ കൾച്ചർ ചെയ്‌ത് എടുത്തതെന്ന് സണ്ണിബ്രൂക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അറിയിപ്പിൽ പറയുന്നു. ലോകമെമ്പാടുമുള്ള കൊറോണ ഗവേഷകർക്ക് പ്രതിരോധത്തിനും ചികിത്സയ്‌ക്കുമുള്ള ഔഷധങ്ങൾ വികസിപ്പിക്കാൻ ഇവരുടെ കണ്ടുപിടുത്തം സഹായകമായിട്ടുണ്ട്. ഇമ്മ്യൂണോളജി, വൈറോളജി, ഇൻഫെക്‌ഷൻ, മോളിക്യുലർ ബയോളജി എന്നിവയാണ് അരിഞ്ജയ് ബാനർജിയുടെ ഗവേഷണ മേഖലകൾ.ഡോ. സമീറ മുബാറെക, ഡോ. റോബ് കോസാക്, ഡോ. കരേൻ മോസ്‌മാൻ എന്നിവരാണ് സംഘത്തിലെ മറ്റ് ശാസ്‌ത്രജ്ഞർ.