rape

കണ്ണൂർ: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ സ്കൂളിൽ വച്ച് പീഡിപ്പിച്ചു. സ്കൂളിലെ ശുചിമുറിയിലിട്ടാണ് അദ്ധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അദ്ധ്യാപകനായ കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ് പത്മരാജൻ .സ്കൂളിലെ ശുചിമുറിയിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. അവധി ദിവസമായ ശനിയാഴ്ച സ്കൂളിൽ എൻഎസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചത്. വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതായി പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ മാതൃസഹോദരി പറഞ്ഞു. മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി പറഞ്ഞതെന്നും വീട്ടുകാർ വെളിപ്പെടുത്തുന്നു. ഒളിവിൽ പോയ അദ്ധ്യാപകനെ തേടിയുളള അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു.