ഡിസംബറിൽ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്ത വുഹാനിലും സ്ഥിതി ശാന്തമാണ്. വുഹാൻ പ്രവിശ്യയിൽ ആർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേശീയ ഹെൽത്ത് കമ്മിഷൻ വ്യക്തമാക്കി.
80,928 പേർക്കാണ് ഇതുവരെ ചൈനയിൽ വൈറസ് ബാധിച്ചത്. 3245 പേർ മരിച്ചു. 70, 420 പേർക്ക് പൂർണമായും രോഗം ഭേദമായി. ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ ക്രമാതീതമായി ഉയർന്നിരുന്ന മരണനിരക്ക് വലിയ തോതിൽ പിടിച്ചു നിറുത്താനും ചൈനീസ് ആരോഗ്യവകുപ്പിന് സാധിച്ചു.
പുതുതായി 34 കേസുകളാണ് ബുധനാഴ്ച ചൈനയിൽ സ്ഥിരീകരിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ വ്യക്തമാക്കി. ഇതിൽ 21 എണ്ണവും ബീജിംഗിലാണ്. ചൊവ്വാഴ്ച 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരെല്ലാം വിദേശത്തുനിന്ന് ചൈനയിലേക്കെത്തിയ യാത്രക്കാരാണ്. പ്രാദേശികമായി ഒരു പോസിറ്റീവ് കേസ് പോലുമില്ല. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധനകൾ ഏർപ്പെടുത്തിയിരിക്കയാണ് ചൈന.
വൈറസ് നിയന്ത്രണാതീതമായതോടെ ജനുവരി 23 മുതൽ വുഹാനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെ 1.1 കോടി ജനങ്ങൾക്ക് വീടുകളിൽ സമ്പർക്ക വിലക്ക് ഏർപ്പെടുത്തി. ഹുബെയ് പ്രവിശ്യയിലെ നാല് കോടിയിലേറെ ജനങ്ങളെ പുറത്തിറങ്ങുന്നതിൽ നിന്ന് വിലക്കി. ശക്തമായ ഇത്തരം പ്രതിരോധ നടപടികൾക്കൊടുവിലാണ് വുഹാനെ പിടിച്ചുലച്ച വൈറസിനെ പിടിച്ചുകെട്ടാൻ ചൈനീസ് ആരോഗ്യവകുപ്പിന് സാധിച്ചത്.