ഓഹരി വിപണിയിൽ നിന്ന് നാലുവർഷത്തെ നേട്ടം ഒലിച്ചുപോയി
കൊച്ചി: കൊറോണ ഭീതിമൂലം ഓഹരി വിപണികൾ നേരിടുന്ന തകർച്ച തുടരുന്നു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 2,100 പോയിന്റോളവും നിഫ്‌റ്റി 600 പോയിന്റിനടുത്തും കൂപ്പുകുത്തി. ഉച്ചയോടെ സെൻസെക്‌സ് 600 പോയിന്റോളവും നിഫ്‌റ്റി 200 പോയിന്റിനുമേലും ഉയർന്ന് ശുഭസൂചന നൽകിയെങ്കിലും നില വീണ്ടും മോശമായി. വ്യാപാരാന്ത്യം സെൻസെക്‌സ് 581 പോയിന്റ് നഷ്‌ടവുമായി 28,288ലും നിഫ്‌റ്റി 205 പോയിന്റ് തകർന്ന് 8,263ലുമാണുള്ളത്. 2017 ജനുവരിക്ക് ശേഷം ആദ്യമായാണ് സെൻസെക്‌സ് 29,000ന് താഴെ ക്ളോസ് ചെയ്യുന്നത്.
സെൻസെക്‌സും നിഫ്‌റ്റിയും കഴിഞ്ഞ നാലുവർഷമെടുത്ത് കുറിച്ച നേട്ടം ഇന്നലെ രാവിലെ ഒറ്റയടിക്ക് ഒലിച്ചുപോയി. നിഫ്‌റ്റി ഇക്കാലയളവിൽ ആദ്യമായി 8,000 പോയിന്റിന് താഴെയെത്തി. സെൻസെക്‌സ് ഒരുവേള 26,714 വരെ ഇടിഞ്ഞു. ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒ.എൻ.ജി.സി എന്നിവയാണ് ഇന്നലെ വലിയ നഷ്‌ടം കുറിച്ച ഓഹരികൾ.
ഇടിവിനു പിന്നിൽ
₹43,273 കോടി
ഈമാസം ഇതുവരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.ഐ.ഐ) പിൻവലിച്ചത് 43,273 കോടി രൂപ.
₹3.76 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 3.76 ലക്ഷം കോടി രൂപ.
₹50.80 ലക്ഷം കോടി
ജനുവരി 17 മുതൽ ഇതുവരെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 50.80 ലക്ഷം കോടി രൂപ. ജനുവരി 17ന് മൂല്യം 160.57 ലക്ഷം കോടി രൂപ. ഇന്നലെ 109.76 ലക്ഷം കോടി രൂപ.
നിലയില്ലാതെ രൂപ
ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപ നഷ്‌ടം രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. ഇന്നലെ മൂല്യം ഒരുവേള 75.31 വരെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിരക്ക്. വ്യാപാരാന്ത്യം 75.10ലാണ് രൂപയുള്ളത്. യൂറോയും പൗണ്ടുമടക്കം ആറു പ്രമുഖ കറൻസികൾക്കെതിരെയുള്ള വിനിമയത്തിൽ ഡോളർ സൂചിക ഇന്നലെ റെക്കാഡ് ഉയരമായ 101.40ൽ എത്തിയതും രൂപയ്ക്ക് തിരിച്ചടിയായി.
രക്ഷയ്ക്ക്
പാക്കേജുകൾ
കൊറോണ സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മറികടക്കാൻ വിവിധ രാജ്യങ്ങൾ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു. അമേരിക്ക ഒരുലക്ഷം കോടി ഡോളറാണ് വിപണിയിലിറക്കുക. യൂറോപ്യൻ സെൻട്രൽ ബാങ്ക് 750 ബില്യൺ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയ 1,370 കോടി ഡോളർ വിപണിയിലിറക്കും.
ചാഞ്ചാടിയാടി
പൊന്നിൻ വില
സ്വർണവില ഇന്നലെ പവന് 320 രൂപ ഉയർന്ന് 29,920 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർദ്ധിച്ച് വില 3,740 രൂപയായി. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ പവന് 480 രൂപയും ഗ്രാമിന് 60 രൂപയും ഇടിഞ്ഞിരുന്നു. രൂപയുടെ മൂല്യം തകരുകയും അന്താരാഷ്‌ട്ര വില കൂടുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് ആഭ്യന്തര സ്വർണവില പിന്നീട് ഉയർന്നത്.
ക്രൂഡോയിൽ വില
22.54 ഡോളറിൽ
18 വർഷത്തെ താഴ്‌ച
കൊച്ചി: രാജ്യാന്തര ക്രൂഡോയിൽ (യു.എസ് ക്രൂഡ്) വില ബാരലിന് ഇന്നലെ 18 വർഷത്തെ താഴ്‌ചയായ 22.54 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന് വില 27.58 ഡോളർ. കൊറോണ ഭീതിമൂലം ആരോള തലത്തിൽ ഡിമാൻഡ് കുറഞ്ഞതാണ് തിരിച്ചടിയാകുന്നത്. വില വൈകാതെ 20 ഡോളറിന് താഴെയെത്തിയേക്കും എന്നാണ് വിയിരുത്തലുകൾ.
ക്രൂഡ് വില കുറഞ്ഞതോടെ, സൗദിയടക്കം മിക്ക ഉത്‌പാദക രാജ്യങ്ങളും വരുമാന പ്രതിസന്ധിയിലായി. സൗദി ഉൾപ്പെടെ ഗൾഫ് മേഖലയിലെ എണ്ണ ഉത്‌പാദക രാജ്യങ്ങൾക്ക് മികച്ച കരുതൽ ധന ശേഖരമുണ്ട്. ഇത് ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഈ രാജ്യങ്ങൾ. ഗൾഫിന് പുറത്തുള്ള രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.
താളംതെറ്രി ബഡ്‌ജറ്റ്
എണ്ണ ഉത്‌പാദക രാജ്യങ്ങളുടെ പ്രതിവർഷ ബഡ്‌ജറ്ര് ചെലവ് പ്രതിസന്ധിയിലാകാതെ നോക്കണമെങ്കിൽ ക്രൂഡോയിൽ വില ബാരലിന് നിശ്‌ചിത നിരക്കിൽ എത്തേണ്ടതുണ്ട്. ചില രാജ്യങ്ങളുടെ കണക്ക്:
മാറാതെ പെട്രോൾ,
ഡീസൽ വില
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യയിൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഇന്നലെ വില പെട്രോളിന് 72.99 രൂപ. ഡീസലിന് 67.19 രൂപ (തിരുവനന്തപുരം).
എക്‌സൈസ് നികുതി
വീണ്ടും കൂട്ടിയേക്കും
ക്രൂഡോയിൽ വില കുറഞ്ഞുനിൽക്കുന്നത് കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇന്ധന എക്‌സൈസ് വീണ്ടും കൂട്ടിയേക്കുമെന്ന് സൂചന. അധിക വരുമാനം കണ്ടെത്തുന്നതിന് പുറമേ, കൊറോണ പ്രതിരോധ നടപടികൾക്ക് കൂടി പണം കണ്ടെത്തുകയും നികുതി കൂട്ടുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നു.
ഈമാസം 15ന് പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതം എക്‌സൈസ് നികുതി കൂട്ടിയിരുന്നു. ഇതിലൂടെ 43,000 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമാണ് ഒരു ലിറ്ററിന് എക്‌സൈസ് നികുതി.
11%
രാജ്യത്ത് ഇന്ധന ഉപഭോഗം കുറഞ്ഞതും നികുതി വർദ്ധിപ്പിക്കാനുള്ള സാഹചര്യമായി സർക്കാർ കാണുന്നുണ്ട്. ഈമാസം ഇതുവരെ കൊറോണയുടെ പശ്‌ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറഞ്ഞത് 11 ശതമാനത്തോളമാണ്. ഡീസൽ വില്പനയിൽ 13 ശതമാനം കുറവുണ്ട്.