corona-virus

 റഷ്യയിലും പാകിസ്ഥാനിലും ആദ്യ മരണം

റോം: ഇറ്റലിയിൽ കൊറോണ ബാധിച്ച് 24 മണിക്കൂറിനിടെ 475 പേരിലധികം മരിച്ചതോടെ മൊത്തം മരണം 3,000 കടന്നു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാൾ കൂടുതൽ മരണമാണ് ഇറ്റലിയിൽ. കഴിഞ്ഞ ഞായറാഴ്ച മാത്രം 368 പേർ മരിച്ചിരുന്നു. രാജ്യം മുഴുവൻ ക്വാറന്റൈനിലാക്കി 10 ദിവസം പിന്നിട്ടിട്ടും വൈറസ് വ്യാപനം തടയാൻ കഴിയുന്നില്ല. 2629 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

മനുഷ്യവംശത്തിന്റെ ശത്രുവാണ് കൊറോണ വൈറസെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി.

നിലവിൽ യൂറോപ്പിലാണ് രോഗം രൂക്ഷം. യൂറോപ്യൻ രാജ്യങ്ങളിൽ 4000ത്തോളം പേർ മരിച്ചു.

ലോകമെമ്പാടും കൊറോണ പ്രതിരോധം ശക്തിപ്പെടുകയാണ്. യുനെസ്കോയുടെ കണക്കനുസരിച്ച് 85 കോടി കുട്ടികൾ സ്കൂളിൽ പോകുന്നില്ല.

 യുദ്ധകാലത്തെ പ്രസിഡന്റെന്ന് ട്രംപ്

അമേരിക്കൻ കോൺഗ്രസിലെ രണ്ടംഗങ്ങൾക്കും കൊറോണ സ്ഥിരീകരിച്ചു രാജ്യത്ത് മരണം140 കവിഞ്ഞതോടെ അസാധാരണ നടപടികളിലേക്ക് കടക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സ്ഥിതി യുദ്ധസമാനമാണെന്നും യുദ്ധകാലത്തെ പ്രസിഡന്റാണ് താനെന്നും പറഞ്ഞ ട്രംപ് ആവശ്യമെങ്കിൽ 70 വർഷം പഴക്കമുള്ള 'ഡിഫൻസ് പ്രൊഡക്‌ഷൻ ആക്ട്' എന്ന നിയമം പ്രയോഗിക്കുമെന്നും വ്യക്തമാക്കി.

മാസ്ക്, വെന്റിലേറ്റർ,പരിശോധനാ കിറ്റുകൾ തുടങ്ങിയ രോഗപ്രതിരോധ

സാമഗ്രികളും അവശ്യവസ്‌തുക്കളും യുദ്ധകാലാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാൻ യു. എസ് സേനയെയും സ്വകാര്യ വ്യവസായ മേഖലയെയും ഊർജ്ജിതമായി രംഗത്തിറക്കാനുള്ള നിയമമാണിത്. രണ്ടാഴ്ചക്കുള്ളിൽ 10 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കും.

അമേരിക്കയിൽ 50 സംസ്ഥാനങ്ങളിലും കൊറോണ സ്ഥിരീകരിച്ചു. കാനഡയുമായുള്ള അതിർത്തി അടച്ചു.

ബ്രിട്ടനിൽ മരണം നൂറു കടന്നു. എല്ലാ സ്കൂളുകൾക്കും അവധി. ലണ്ടൻ നഗരം പൂർണമായും അടച്ചേക്കും.

ബെൽജിയം, ഗ്രീസ്, പോർച്ചുഗൽ, ചിലി എന്നീ രാജ്യങ്ങളും

പൂ‍‍ർണമായും അടച്ചിടൽ പ്രഖ്യാപിച്ചു.

 സ്വിറ്റ്സർലാൻഡ്, നോർവേ, നെതർലൻഡ്സ്, സ്വീഡൻ, ഡെന്മാർക്ക്, ആസ്ട്രിയ എന്നിവിടങ്ങളിലും രോഗം വ്യാപിക്കുകയാണ്.

 ഭീതിയിൽ ഇറാൻ

ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം പേർ ഒരു ദിവസം മരിച്ചു. ഇറാനിൽ മരണം 1135 ആയി. എന്നിട്ടും പ്രതിരോധം ഫലവത്തായിട്ടില്ല.

റഷ്യയിൽ ആദ്യ കൊറോണ മരണം. 79 വയസുള്ള വൃദ്ധയാണ് മരിച്ചത്. കൊറോണ ബാധിതർ കുറവാണ് റഷ്യയിൽ. വിദേശകൾക്ക് പ്രവേശനം വിലക്കി. വ്യോമ ഗതാഗതത്തിനും നിയന്ത്രണം .

പാകിസ്ഥാനിലും രൂക്ഷം

ഇറാനിൽ നിന്ന് തിരിച്ചെത്തിയ തീർത്ഥാടകരിൽ 200ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ആദ്യ മരണവും റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസം മുമ്പ് 94 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സിന്ധ് പ്രവശ്യയിൽ കടുത്ത നിയന്ത്രണം. ദക്ഷിണേഷ്യയിൽ ഏറ്റവുമധികം കേസുകൾ പാകിസ്ഥാനിലാണ്.

 ഓസ്‌ട്രേലിയയിൽ 24 മണിക്കൂറിൽ രോഗബാധിതർ 110ൽ നിന്ന്‍ 568 ആയി ഉയർന്നു.

 ആഫ്രിക്കയിൽ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

 പോർച്ചുഗലിൽ അടിയന്തരാവസ്ഥ. 642 രോഗബാധിതർ. മരണം 200.

 സിഡ്നി ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി.

 ജർമ്മനിയിലും സ്ഥിതി രൂക്ഷം. ഇന്നലെ 2900 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 ഫ്രാൻസിൽ രോഗികൾ 9000 കടന്നു. ഇന്നലെ 89 മരണം.

ന്യൂസിലാൻഡിൽ 28 കേസുകൾ.

 റെസിഡന്റ്സ് വിസയുള്ളവർക്ക് യു.എ.ഇ രണ്ടാഴ്ചത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി.

അവധിക്ക് നാട്ടിലുള്ള പ്രവാസികൾക്ക് യു.എ.ഇയിൽ പ്രവേശിക്കാനാവില്ല.

 2008ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ വലിയ ആഘാതമാണ് തൊഴിൽമേഖലയിൽ കൊറോണ സൃഷ്ടിക്കുകയെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന മുന്നറിയിപ്പ് നൽകി.