ബീജിംഗ്: 2019 ഡിസംബർ 30. സമയം രാത്രി ഏഴ് മണി. വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് ഒരു അജ്ഞാതരോഗം ബാധിച്ച ഒരു രോഗിയുടെ സാമ്പിളുകൾ എത്തി. ഉടൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഷീ സെൻഗ്‌ലിയുടെ ഫോണിലേക്കൊരു കോൾ വന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായിരുന്നു അത്. 'വുഹാനിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഒരു പുതിയ ഇനം കൊറോണ വൈറസിനെ അസാധാരണ ന്യുമോണിയ ബാധിച്ച രണ്ട് പേരിൽ കണ്ടെത്തിയിരിക്കുന്നു. അത് ശരിയാണെങ്കിൽ അതിഭീകരമായ ഒരു മഹാമാരിയെയാകാം ലോകം കാണാൻ പോകുന്നത്. കാരണം 2002നും 2003നും ഇടയിൽ 8,100 ലേറെ പേരെ ബാധിക്കുകയും ഏകദേശം 800 പേരുടെ ജീവനെടുക്കുകയും ചെയ്‌ത സാർസ് അഥവാ സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം (SARS) എന്ന കൊറോണ വൈറസിന്റെ കുടുംബത്തിൽപ്പെട്ടതാണ് ഈ പുതിയ ഇനം വൈറസും. ലാബിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ച് ഈ വൈറസിനെ പറ്റി പഠിക്കണം.'- ഷീ സെൻഗ്‌ലിയോട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ നിർദ്ദേശിച്ചു.
ഷീ സെൻഗ്‌ലി
ചൈനയുടെ 'ബാറ്റ് വുമൺ ' എന്നറിയപ്പെടുന്ന വൈറോളജിസ്‌റ്റാണ് ഷീ സെൻഗ്‌ലി. കഴിഞ്ഞ 16 വർഷമായി വവ്വാലുകൾ നിറഞ്ഞ ഗുഹകളിൽ ഷീ നടത്തിയ വൈറസ് വേട്ടയാണ് ഇങ്ങനെയൊരു പേരിന് കാരണം. മദ്ധ്യചൈനയിലെ വുഹാൻ പ്രവശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഷീയെ അത്ഭുതപ്പെടുത്തി. തെക്കൻ ചൈനയിലെ യുനാൻ, ഗ്വാംഗ്സി പ്രവശ്യകളിൽ കൊറോണ വൈറസ്, വവ്വാൽ ഉൾപ്പെടെയുള്ള ജീവികളിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യത കൂടുതലെന്ന് ഷീയുടെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. അങ്ങനെ വുഹാനിലെ കൊറോണ വൈറസ് ഗവേഷണങ്ങൾക്കും 55 കാരിയായ ഷീ മേൽനോട്ടം വഹിച്ചു. പുതിയ കൊറോണ വൈറസ് ലോകത്തിനൊരു മുന്നറിയിപ്പാണെന്നാണ് ഇവരുടെ പഠനം പറയുന്നത് . വൈറസ് പരീക്ഷണത്തിന്റെ മുൻനിരയിൽ നിന്നും വിരമിക്കാനുള്ള ഒരുക്കത്തിലാണ് ഷീ ഇപ്പോൾ. എന്നാൽ തന്റെ ഗവേഷണൾ തുടരുമെന്നും ഷീ വ്യക്തമാക്കുന്നു.
മരുന്ന് ഗവേഷണം
കൊറോണയിൽ നിന്നും വുഹാൻ മുക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, കൊറോണ റിപ്പോർട്ട് ചെയ്ത നാൾ മുതൽ അതിനെ പ്രതിരോധിക്കാനുള്ള കഠിനപ്രയത്നത്തിലാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഷീ ഉൾപ്പെടെയുള്ള ഗവേഷകർ. കൊറോണ സംഹാര താണ്ഡവമാടിയപ്പോൾ ഇവർ ലാബിനുള്ളിൽ ഉറങ്ങാതെ ഗവേഷണങ്ങളിൽ മുഴുകിയിരുന്നു. വീട്ടിലേക്ക് പോകണമെങ്കിൽ പ്രത്യേക അനുവാദം വേണം. മറ്റെവിടെങ്കിലും പോകാൻ അനുവാദമില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ കാന്റീൻ അടച്ചതിനാൽ മണിക്കൂറുകൾ നീണ്ട ജോലിയ്‌ക്കിടയിൽ ഇൻസ്റ്റന്റ് ന്യൂഡിൽസ് മാത്രമായിരുന്നു ആശ്രയം. പുതിയ കൊറോണ വൈറസ് മനുഷ്യന്റെ ശ്വാസകോശത്തിലെത്തുന്നത് ആന്റിയോടെൻസിൻ - കൺവേർട്ടിംഗ് എൻസൈം 2 ( ACE 2) എന്ന റിസെപ്‌റ്റർ വഴിയാണെന്നാണ് കണ്ടെത്തൽ. ഇതിനെ തടയാനുള്ള മരുന്നിന്റെ ഗവേഷണത്തിലാണ് ഷീയും സംഘവും.
സൂക്ഷിക്കണം വവ്വാലിനെ
5000ത്തോളം കൊറോണ വൈറസുകൾ ആണത്രെ ലോകമെമ്പാടുമുള്ള വവ്വാൽ സ്‌പീഷീസുകളിൽ നിന്നും ഇനിയും കണ്ടുപിടിക്കാനുള്ളത്. ഷീയുടെ ആദ്യത്തെ വൈറസ് പരിവേഷണം സാർസിനെ തേടിയായിരുന്നു. അന്താരാഷ്ട്ര വൈറോളജിസ്റ്റുകൾ ഉൾപ്പെട്ട ഷീയുടെ സംഘം ഗ്വാംഗ്സി പ്രവശ്യയിലെ വവ്വാൽ ഗുഹകളിലെത്തി. വിനോദ സഞ്ചാരമേഖലകൂടിയായിരുന്നു അത്. ഷഡ്പദങ്ങളെ ആഹാരമാക്കുന്ന ഹോഴ്സ്ഷൂ ബാറ്റ്സ് ഉൾപ്പെടെ നിരവധി വവ്വാലുകളുടെ വിഹാര കേന്ദ്രമായിരുന്നു അവിടം. മാസങ്ങൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് ഷീയും സംഘവും സാർസിന്റെ ഉറവിടം ഹോഴ്സ്ഷൂ ബാറ്റ്സ് തന്നെയെന്ന് കണ്ടെത്തിയത്. പിന്നീട് അഞ്ച് വർഷം തുടർച്ചയായി ഇതേപ്പറ്റിയുള്ള പഠനങ്ങളും നടന്നു. വവ്വാലുകളിലുള്ള നൂറോളം വ്യത്യസ്തതരം കൊറോണ വൈറസുകളെ ഷീയും സംഘവും കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും മനുഷ്യന് ഹാനികരമാകുന്നതല്ലെന്നാണ് ഷീ പറയുന്നത്. എന്നാൽ, സാർസിനെ പോലെ മനുഷ്യനെ പ്രതികൂലമായി ബാധിക്കുന്ന ഡസനോളം കൊറോണ വൈറസുകളും ഇക്കൂട്ടത്തിലുണ്ട്.
തിരിച്ചറിയാൻ ഗവേഷണം
ഒരു വർഷം മുമ്പ് ഷീയും സംഘവും കൊറോണ വൈറസിനെ പറ്റി പഠനങ്ങൾ പുറത്തുവിട്ടിരുന്നു. പ്രമുഖ അക്കാഡമിക് ജേണലുകളിലെല്ലാം പ്രസിദ്ധീകരിച്ച ഷീയുടെ പഠനങ്ങളിൽ വവ്വാലുകളിൽ നിന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടകാരികളായ കൊറോണ വൈറസുകളെ പറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇപ്പോൾ രോഗികളുടെ സാമ്പിളുകൾ പരിശോധിച്ച ഷീ പറയുന്നത് 16 വർഷത്തിനിടെ തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് വുഹാനിലേതെന്നാണ്. ഗവേഷണങ്ങളിലൂടെ ഷീയ്‌ക്ക് ഒരു കാര്യം മനസിലായി 16 വർഷം കൊണ്ട് വവ്വാലുകളിൽ നിന്നും മറ്റും താൻ കണ്ടെത്തിയ വൈറസുകളിൽ ഒന്നുപോലുമല്ല വുഹാനിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പുതിയ ജനിതക ഘടനയുള്ള ഒരിനം കൊറോണ വൈറസാണ് വുഹാനിലേത്. ഇതുപോലെ മനുഷ്യൻ കണ്ടെത്തിയിട്ടില്ലാത്ത കൊറോണ വൈറസുകൾ വേറെയും ഉണ്ടാകാം.
വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഗവേഷണം നടത്താനുള്ള ഒരു നാഷണൽ പ്രോജക്‌ടിനൊരുങ്ങുകയാണ് ഷീ. വവ്വാലുകളിൽ നിന്നുള്ള വൈറസുകൾ ഇനിയും അപകടകാരികളായ മഹാമാരികൾക്ക് കാരണമാകുമെന്നും അതിനു മുമ്പ് അവയെ നാം തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും ഷീ ഓർമിപ്പിക്കുന്നു.
കഴിഞ്ഞ 26 വർഷത്തിനിടെ വവ്വാലുകളിൽ നിന്നും പകരുന്ന ആറാമത്തെ രോഗമാണ് വുഹാനിലെ കൊറോണ. 1994ൽ ഹെൻഡ്ര, 1998ൽ നിപ, 2002ൽ സാർസ്, 2012ൽ മെർസ്, 2014ൽ എബോള എന്നിവയാണ് മറ്റ് അഞ്ചെണ്ണം.