modi

ന്യൂ ഡൽഹി: പുറംരാജ്യങ്ങളിൽ നിന്നുമെത്തുന്ന വിമാനങ്ങൾക്ക് ഇനി ഇന്ത്യയിൽ ലാൻഡ് ചെയ്യാൻ കഴിയില്ല. കൊറോണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഞായറാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവിൽ വരികയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിൽ പ്രായമുള്ളവരും വീടുകളിൽ തന്നെ കഴിയണമെന്നും കേന്ദ്രം പുറപ്പെടുവിച്ച നിർദേശത്തിലുണ്ട്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമ്പതു ശതമാനത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന്‌ ജോലി ചെയ്യാൻ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരിൽ അമ്പതു ശതമാനംപേർ ഓഫീസിൽ ഹാജരായാൽ മതിയെന്നും, ബാക്കിയുള്ള അമ്പതു ശതമാനംപേരും നിർബന്ധമായും വീട്ടിലിരുന്ന്‌ ജോലി ചെയ്യണമെന്നാണ് പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശം.

രാജ്യത്ത് കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 173 ആയി ഉയർന്നിട്ടുണ്ട്. 18 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനം 9, 290 പേർ രോഗബാധ മൂലം മരണമടഞ്ഞു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ലോകത്താകെ 2,26,852 പേരെ രോഗം ബാധിച്ചിട്ടുണ്ട്. ഇന്നുമാത്രം 343 പേർ ലോകത്ത് മരണമടഞ്ഞു. രോഗമുക്തി നേടിയത് ഇതുവരെ 86,072 പേർ.