soap

കൊറോണ രോഗാണുവിനെ ചെറുക്കുന്നതിനായി സോപ്പുപയോഗിച്ച് കൈ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണമെന്ന് നമ്മുക്കറിയാം. എന്നാൽ ഇക്കാര്യത്തിൽ സാനിറ്റൈസറിനേക്കാൾ ഫലപ്രദമാണ് സോപ്പ് എന്ന വസ്തുത എത്രപേർക്കറിയാം? സാനിറ്റൈസർ വൈറസിനെ പ്രതിരോധിക്കാൻ അങ്ങേയറ്റം ഫലപ്രദമാണെങ്കിലും അതിനേക്കാൾ ഗുണം ചെയ്യുക സാധാരണ സോപ്പ് തന്നെയാണ്. സോപ്പ് പ്രവർത്തിക്കുന്ന രീതിയാണ് ഇതിനു കാരണം.

ശരീരത്തിലെ അഴുക്കുമായി കെമിക്കൽ ബോണ്ടുകൾ ഉണ്ടാക്കിയാണ് സോപ്പ് നമ്മുടെ ശരീരം വൃത്തിയാക്കുന്നത്. ഈ അഴുക്ക് മിക്കവാറും ശരീരം തന്നെ പുറത്തുവിടുന്ന എണ്ണയുമായി(സീബം, ഫാറ്റ്) കലർന്നിരിക്കും. ഈ അഴുക്കിന് മേൽ സോപ്പ് ഉപയോഗിക്കുമ്പോൾ അത് ശരീരം വൃത്തിയാക്കുകയും ചെയ്യും. കൊറോണ ഉൾപ്പെടെയുള്ള മിക്ക വൈറസുകളുടെയും പുറംചട്ട നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഫാറ്റും പ്രോട്ടീനും കൊണ്ടാണ്.

സോപ്പ് ഉപയോഗിക്കുമ്പോൾ ഈ പുറംചട്ട തകർക്കപ്പെടുകയും തുടർന്നു കൊറോണ രോഗാണു ചാവുകയും ചെയ്യും. എന്നാൽ 20 സെക്കൻഡ് നേരം കൈ സോപ്പിട്ട് പതപ്പിച്ചാൽ മാത്രമാണ് 99.9 % രോഗാണുവിനെയും അതിന് നശിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇക്കാരണം കൊണ്ടാണ് 20 സെക്കൻഡ് നേരം കൈയിൽ സോപ്പിടണം എന്ന് ആരോഗ്യ വിദഗ്ദർ പറയുന്നത്.

ആന്റി ബാക്ടീരിയൽ എന്ന് രേഖപ്പെടുത്തിയ സോപ്പ് തന്നെ ഇതിനായി ഉപയോഗിക്കണം എന്നില്ല എന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ആൽക്കഹോൾ ചേർന്ന സാനിറ്റൈസറും സമാനമായ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെങ്കിലും നമ്മുടെ കൈയിൽ വിയർപ്പോ എണ്ണമയമോ ഉണ്ടെങ്കിൽ സാനിറ്റൈസർ അത്രയും ഫലപ്രദമാകാൻ സാദ്ധ്യതയില്ല. 60 ശതമാനമെങ്കിലും ആൽക്കഹോൾ കണ്ടന്റ് ഉള്ള സാനിറ്റൈസറാണ് കൈ വൃത്തിയാക്കാനായി ഉപയോഗിക്കേണ്ടതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.