modi

ന്യൂഡൽഹി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയിൽ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും രോഗത്തിന്റെ സാഹചര്യത്തിൽ ഒരാളും അലസത കാട്ടരുതെന്നും ഒരു പൗരനും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


രോഗത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ 130 കോടി ജനങ്ങളൂം അവരുടെ കുറച്ച് ദിനങ്ങൾ രാജ്യത്തിന് നൽകണമെന്നും മോദി പറഞ്ഞു. വരുന്ന 22ന് 'ജനത കർഫ്യു'വും അദ്ദേഹം പ്രഖ്യാപിച്ചു. ഞായറാഴ്ച 'ജനത കർഫ്യു' ആണെന്നും ജനത കർഫ്യു രാജ്യത്തെ പൗരന്മാർ സ്വയം പ്രഖ്യാപിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് ഞായറാഴ്ച രാവിലെ ഏഴ് മുതൽ ഒൻപത് വരെ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും വരുന്ന രണ്ട് ദിവസം ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണം എന്നും മോദി അഭ്യർത്ഥിച്ചു.

നമ്മുടെ സുരക്ഷയ്ക്കായി അധ്വാനിക്കുന്നവർക്ക് നമ്മൾ നന്ദി പറയണം. ഞായറാഴ്ച അഞ്ച് മണിക്ക് വീടിന് മുൻപിൽ നിന്നുകൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് നമ്മൾ അഭിനന്ദനം അറിയിക്കണം. 5 മിനിറ്റ് നേരം പ്ളേറ്റുകൾ കൂട്ടിയിടിച്ചോ കൈയ്യടിച്ചോ അഭിനന്ദനം അറിയിക്കണം. ഒരു മാസക്കാലത്തേക്ക് ആശുപത്രികളിലെ തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണം. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വയ്ക്കണം. അറുപത് വയസിന് മുകളിൽ ഉള്ളവർ കഴിവതും വീടിന് പുറത്തിറങ്ങരുത്.അങ്ങനെ ഈ മഹാമാരിയെ തോൽപ്പിക്കുക. സർക്കാർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. അരമണിക്കൂർ നീണ്ടുനിന്ന തന്റെ അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞു.