
ഒരു കവിത കാലാതിവർത്തിയാകുന്നത് അത് പ്രകാശിതമായി വർഷങ്ങൾ കഴിഞ്ഞിട്ടും വളരെ സജീവമായി വായിക്കപ്പെടുമ്പോഴാണ്. പി.രവികുമാർ എഴുതിയ എം.ഡി.രാമനാഥൻ എന്ന കാവ്യം പ്രസിദ്ധീകൃതമായി 16 വർഷങ്ങൾ കഴിഞ്ഞിട്ടും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുന്നു. മാത്രമല്ല ഇംഗ്ളീഷിലും ഹിന്ദിയിലും ഇപ്പോൾ തമിഴിലും അതിന്റെ പരിഭാഷ ഇറങ്ങിയിരിക്കുന്നു. മാ ദക്ഷിണാമൂർത്തിയാണ് തമിഴിലേക്ക് മൊഴിമാറ്റം നിർവഹിച്ചത്. തമിഴിലെ പ്രശസ്തമായ കാലച്ചുവട് പതിപ്പകമാണ് പ്രസാധകർ.
'എം.ഡി.രാമനാഥൻ എന്ന മിത്തിനെക്കുറിച്ച് സച്ചിദാനന്ദനടക്കം ( എം.ഡി.രാമനാഥൻ പാടുമ്പോൾ) മറ്റു പല കവികളും എഴുതിയിട്ടുണ്ട്. സംഗീതം പ്രമേയമാകുന്ന കവിതകൾക്കുമില്ല നമ്മുടെ ഭാഷയിൽ വലിയ പഞ്ഞമൊന്നും. എന്നാൽ പി.രവികുമാർ, രാമനാഥനെക്കുറിച്ചെഴുതുമ്പോൾ അതിന് അഗാധവും അത്യന്തഗാഢവുമായ ഒരാത്മപാരസ്പര്യത്തിന്റെ ഛായ കൈവരുന്നു.അതേസമയം ഈ നീണ്ട കവിതയിൽ ഒരിടത്തും രാമനാഥനോടൊപ്പം രാമനാഥന്റെ ആസ്വാദകനും ആരാധകനുമായ തന്റെ നിഴൽപോലും കടന്നുവരികയേ ചെയ്യരുതെന്ന നിർബന്ധവും കവിക്കുണ്ട്. അതിനാൽ അത്രമേൽ ഹൃദയംഗമായ ഒരു വിദൂരനമസ്കാരത്തിന്റെ അഭിജാതമായ ധന്യതയുടെ പരിവേഷമുണ്ട് ഈ കൃതിക്ക് ചുറ്റും." പ്രശസ്ത നിരൂപകനായ സജയ് കെ.വി എഴുതിയ 'കാവ്യഭാഷയിലെ ഞൊറിവുകൾ" എന്ന ലേഖനത്തിൽ പറയുന്നതാണിത്.
തമിഴ് പതിപ്പിന് പ്രശസ്ത തമിഴ് സാഹിത്യകാരൻ സുകുമാരൻ എഴുതിയ അവതാരികയിൽ ഇങ്ങനെ എഴുതുന്നു.'രവികുമാർ ആധുനിക തമിഴ് സാഹിത്യകാരൻമാരുടെ കൃതികൾ വായിച്ചു മനസിലാക്കിയ ആളാണ്. അതിനു കാരണം തിരുവനന്തപുരവാസിയായ നകുലനുമായുള്ള സമ്പർക്കമാണെന്ന് ഞാൻ ഊഹിക്കുന്നു. ഈ നീണ്ട കവിതയിലും നകുലന്റെ സ്വാധീനം കാണാം. തമിഴിൽ അകവിതയുടെ ഉപജ്ഞാതാവാണ് നകുലൻ. കവിതയ്ക്ക് അനുയോജ്യമായ വാക്കുകളോ കവിതയാണെന്ന് എടുത്തുകാണിക്കുന്ന അലങ്കാരങ്ങളോ ഇല്ലാതെ ലളിതമായ ഗദ്യത്തിൽ കവിതയുടെ ഗുണംകൊണ്ടുവരാൻ ശ്രമിച്ച ആളാണ് അദ്ദേഹം. 'മഴ, മരം, കാറ്റ് " എന്ന നകുലന്റെ നീണ്ട കവിത ഇതിന് ഉദാഹരണമാണ്. രവികുമാറിന്റെ കവിതയിൽ അതിന്റെ ചെറിയൊരു സ്വാധീനമുണ്ട്.ഈ കവിതയിലെ ഒരു വാക്കും കവിത്വത്തിൽ മുക്കിയെടുത്ത വാക്കല്ല. പുറമെ കാണുന്ന അർത്ഥമല്ലാതെ ഒളിഞ്ഞുകിടക്കുന്ന മറ്റൊരു അർത്ഥം ഈ കവിതയിലെ വാക്കുകൾക്ക് ഇല്ല.സ്വാഭാവികമായ സംഭാഷണത്തിൽ വരുന്ന വാക്കുകൾ കൊണ്ടാണ് ഈ കവിത രചിച്ചിരിക്കുന്നത്.വാക്കുകൾക്കപ്പുറത്തുള്ള എന്തോ ഒന്നിനെ ഈ വാക്കുകൾ കവിതയിൽ ധ്വനിപ്പിക്കുന്നു. ഒരുവിധത്തിൽ രാമനാഥന്റെ സംഗീതം പോലെയുള്ളതാണ് ഈ കവിതയുടെ ജീവസത്തയും. വെറും സ്വരങ്ങളും നിരവലുകളുമല്ല സംഗീതം,അവയുടെ ഉള്ളിലെ നാദമാണ് സംഗീതം.അതുപോലെ വാക്കുകൾ ചേർത്തുവച്ചാൽ കവിതയാകില്ല.ആ വാക്കുകളുടെ അർത്ഥത്തിന്റെ സംയോഗമാണ് ഇവിടെ കവിതയായി രൂപംകൊള്ളുന്നത്."
രവികുമാറിന്റെ രാമനാഥൻ വായിച്ച വിഖ്യാത ചിത്രകാരൻ ഷിബു നടേശൻ രാമനാഥന്റെ ചിത്രം വരച്ച് രവിക്ക് സമ്മാനിച്ചാണ് കവിതയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചത്. ഹിന്ദിയിലേക്ക് രാമനാഥസ്മൃതി എന്ന പേരിൽ പരിഭാഷപ്പെടുത്തിയപ്പോൾ കവർചിത്രമായി നൽകിയത് ഷിബുവിന്റെ ഈ ചിത്രമായിരുന്നു.കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ സംഗീത നിരൂപകനും എഴുത്തുകാരനുമായ രവികുമാർ തിരുവനന്തപുരത്താണ് താമസം. അനുവാചകന്റെ ഹൃദയത്തിലൂടെ രാമനാഥൻ സഞ്ചരിക്കുകയാണ്. നിരൂപകനായ കെ.പി.അപ്പൻ സാർ മുമ്പെഴുതിയതുപോലെ "രാമനാഥന്റെ സംഗീതത്തോടുള്ള രവികുമാറിന്റെ ആദരവ് മനോധർമ്മ സ്വരവിസ്താരമായി ഈ കാവ്യത്തിൽ നിറയുന്നു."