hoime-

മുംബയ് : കൈയിൽ ഹോം ക്വാറന്റൈൻ മുദ്ര‌യുമായി ട്രെയിനിൽ യാത്രചെയ്ത നാല് എൻജിനിയറിംഗ് വിദ്യാർത്ഥികളെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു. ജർമനിയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധനയെതുടർന്ന് ഹോം ക്വാറന്റൈൻ നിർദ്ദേശിച്ച് മുദ്ര പതിപ്പിച്ച് വിട്ടിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ ഗുജറാത്തിലേക്ക് മടങ്ങുംവഴിയാണ് പാൽഘർ സ്റ്റേഷനിലാണ് സംഭവം

ഇവരെ കണ്ടതോടെ ടിക്കറ്റ് ചെക്കറും ചില യാത്രക്കാരും ചേർന്ന് ബഹളം വയ്ക്കുകയും ട്രെയിൻ നിറുത്തിക്കുകയുമായിരുന്നു. പിന്നാലെ നാല് പേരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പരിശോധിക്കുകയും റോഡ് മാർഗം യാത്ര തുടരാൻ അനുവദിക്കുകയുമായിരുന്നു.

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, എസ്സെൻ, മൽഹെയിം സര്‍വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ജർമനിയിൽ നിന്നും മുംബയ് വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുകയും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയുമായിരുന്നു.

സൂറത്ത്, വഡോദര, ഭാവ്നഗർ സ്വദേശികളാണ് ഇവർ. പാൽഘർ സ്റ്റേഷനിലെത്തിയപ്പോൾ ആരോഗ്യപ്രവർത്തകർ യാത്രക്കാരോട് ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞെങ്കിലും ഇവർ യുവാക്കളെ യാത്ര തുടരാൻ അനുവദിച്ചില്ല. തുടർന്ന് ടാക്സിയിലാണ് ഇവർ സൂററ്റിലെത്തിയത്.