പാലക്കാട് : കൊറോണ വൈറസ് പടരുന്നതിനെതിരെ രാജ്യത്ത് ജനത കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആഹ്വാനം ചെയ്തിരുന്നു. കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയിൽ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും രോഗത്തിന്റെ സാഹചര്യത്തിൽ ഒരാളും അലസത കാട്ടരുതെന്നും ഒരു പൗരനും ലാഘവത്തോടെ രോഗത്തെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കൊറോണയെ ഭൂലോകത്ത് നിന്നുമകറ്റാൻ മൃത്യജ്ഞയ ഹോമം നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ഒരു ക്ഷേത്രം. ചിറ്റൂർ ദുർഖോഷ്ടം വ്യാസ പരമാത്മ ക്ഷേത്രത്തിലാണ് കൊറോണയെ തുരത്താൻ പൂജ നടത്തിയത്. ഇന്ന് രാവിലെ മുതലായിരുന്ന കൊറോണയ്ക്കതിരെ ക്ഷേത്രത്തിൽ പൂജ നടത്തിയത്. കാഞ്ഞിരത്തടിയിൽ തീർത്ത 108 സ്ത്രീ പുരുഷ രൂപങ്ങളിൽ കൊറോണ വൈറസിനെ ആവാഹിച്ചതിന് ശേഷം അഗ്നിയിൽ ദഹിപ്പിച്ച ചിതാഭസ്മം തിരുവില്ലാമല ഐവർ മഠത്തിൽ നിമഞ്ജനം ചെയ്യുകയായിരുന്നു. കൊറോണ മുൻകരുതലിനെ തുടർന്ന് പൊതു ജനങ്ങളെ പങ്കെടുപ്പിക്കാതെയാണ് പൂജ നടന്നത്. 41 ദിവസത്തിനുള്ളിൽ കൊറോണയെ ലോകത്ത് നിന്നകറ്റി ശാന്തിയും സമാധാനും കൈവരുമെന്നാണ് അവകാശ വാദം.