തിരുവനന്തപുരം : വർക്കലയിൽ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശിയുടെ അവസാനത്തെ രണ്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവ് . 48 മണിക്കൂറിനിടെ നടത്തിയ രണ്ട് പരിശോധനാഫലവും നെഗറ്റീവായതോടെ ആശുപത്രിയിൽ നിന്ന് വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റിയേക്കും. ഇദ്ദേഹവുമായി അടുത്തിടപഴകിയ 30 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ വർക്കലയിൽ ആശങ്ക ഒഴിഞ്ഞുതുടങ്ങി.
അതേസമയം ശ്രീചിത്രയിലെ ഡോക്ടർ, രോഗികളടക്കം ഒട്ടേറെപ്പേരുമായി സമ്പർക്കം പുലർത്തിയെന്ന് വ്യക്തമാക്കുന്ന റൂട്ട് മാപ്പ് തയാറാക്കി. ഡോക്ടറുമായി ഇടപെട്ട ഏഴ് പേർക്ക് രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഇദ്ദേഹത്തിന്റെ സമ്പർക്കവലയം വിപുലമാണെന്ന് പുതുക്കിയ റൂട്ട് മാപ്പിൽ നിന്ന് വ്യക്തമാകുന്നത്. മാർച്ച് 2,3,4,5,7,10,11 എന്നീ ഏഴ് ദിവസവും രാവിലെ ഏഴര മുതൽ വൈകിട്ട് ആറ് വരെ അദേഹം ആശുപത്രിയിൽ ചെലവഴിച്ചു. ഈ ദിവസങ്ങളിലെല്ലാം കാത്ത് ലാബ്, റേഡിയോളജി സെമിനാർ റൂം, സി.ടി സ്കാനിംഗ് റൂം, കാന്റീൻ എന്നിവിടങ്ങളിലെത്തി. 10നും 11നും ഒ.പിയില്‍ രോഗികളെ കണ്ടു. 11ന് മെഡിക്കൽ സൂപ്രണ്ടടക്കം 15 പേർ പങ്കെടുത്ത മീറ്റിങ്ങിലും ഡോക്ടറുണ്ടായിരുന്നു. ഇത്തരത്തിൽ സമ്പർക്കം പുലർത്തിയ നൂറിലേറെപ്പേരുടെ ഫലം വരാനുള്ളതിനാൽ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. അതേസമയം മാളുകൾ അടയ്ക്കാനുള്ള തീരുമാനം മുഖ്യമന്ത്രി തിരുത്തിയതില്‍ൽ അതൃപ്തിയുണ്ടെന്ന ആരോപണം കളക്ടർ കെ. ഗോപാലകൃഷ്ണൻ നിഷേധിച്ചു. സർക്കാരുമായി അഭിപ്രായഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു.