nirbhaya-case-

ന്യൂഡൽഹി: തൂക്കിലേറ്റാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ നൽകിയ ഹ‌ർജി ഡൽഹി ഹൈക്കോടതി വീണ്ടും തള്ളി. തൂക്കിലേറ്റുന്നതിന് മുമ്പ് തന്നെ പ്രതികൾ സുപ്രീം കോടതിയെ കൂടി സമീപ്പിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണ് ഹർജി തള്ളിയത് എന്നാണ് കുറ്റവാളികളുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഹർജിയിൽ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന്ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാർ വ്യക്തമാക്കി.

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ദൈവത്തെ കാണാനുള്ള കുറ്റവാളികളുടെ സമയം അടുത്തെന്നായിരുന്നു കോടതിയുടെ മറുപടി.

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്കാണ് തിഹാർ ജയിലിൽ തൂക്കിലേറ്റുന്നത്. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരുന്നു.