nirbhaya-case

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ വിശന്നു വലയുന്ന സിംഹങ്ങളുടെ മുന്നിലേക്കു വലിച്ചെറിയണമെന്ന് പലരും ആവശ്യപ്പെട്ടതായി ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാർ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഭീഷണി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലെ സാഹസികതയും ശാസ്ത്രീയതയുമാണ് നിര്‍ഭയയ്‍ക്ക് നീതി ഉറപ്പാക്കിയതെന്നും നദി നീന്തിയും മാവോയിസ്റ്റ് മേഖലയില്‍കടന്നും പ്രതികളെ പിടികൂടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

"വലിയ സമ്മർദമാണ് നേരിട്ടത്. പ്രതികളെ വിശന്നു വലയുന്ന സിംഹങ്ങളുടെ മുന്നിലേക്കു വലിച്ചെറിയണം എന്നാവശ്യപ്പെട്ടു സന്ദേശമയച്ചവരുണ്ട്. പരസ്യമായി തല്ലിക്കൊല്ലണമെന്നും വന്ധ്യംകരിക്കണമെന്നുമൊക്കെ ചിലർ ആവശ്യപ്പെട്ടു. ഞങ്ങൾ നിയമ മാർഗത്തിൽ ഉറച്ചുനിന്നു. എന്റെ പെൺമക്കളെ ബലാത്സംഗം ചെയ്യുമെന്നും രാജിവച്ചു പോയില്ലെങ്കിൽ ജീവിതം തകർക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ജനക്കൂട്ടത്തിനു വേണ്ടതു ഞങ്ങളുടെ ചോരയായിരുന്നു’– നീരജ് കുമാർ പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക്കേസില്‍ പ്രതികളായ മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ്(31) എന്നിവരെ രാവിലെ 5:30ന് തീഹാര്‍ ജയിലിലാണ് തൂക്കിലേറ്റിയത്. വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിംഗ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.

2012 ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗം നടന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ പീഡനത്തിനിരയാക്കിയതിന് ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു.