കാസർകോട്: കൊറോണ വെെറസ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയ കാസര്‍കോട്, മഞ്ചേശ്വരം എം.എൽ.എമാർ നിരീക്ഷണത്തിൽ. എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവര്‍ പങ്കെടുത്തത്.
കല്യാണചടങ്ങില്‍ വച്ചാണ് മഞ്ചേശ്വരം എം.എല്‍.എ രോഗിയുമായി ബന്ധപ്പെട്ടത്. മറ്റൊരു പൊതുപരിപാടിയില്‍ വച്ചാണ് കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി ഈ പരിപാടികളിലും പങ്കെടുത്തിരുന്നു. തുടർന്ന് രണ്ട് എം.എല്‍.എമാരും സ്വയം സന്നദ്ധരായി നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 11ാം തീയതി കോഴിക്കോട് വിമാനത്താവളത്തിലാണ് ഇദ്ദേഹം ഇറങ്ങിയത്. അതിന് ശേഷം കോഴിക്കോടുള്ള ഹോട്ടലില്‍ തങ്ങി. തുടർന്ന് 12ാം തീയതി മാവേലി എക്‌സ്പ്രസിലാണ് ഇയാൾ കാസര്‍ഗോഡ് എത്തിയത്. 12ാം തീയതി മുതല്‍ 17ാം തീയതി വരെ അദ്ദേഹം നാട്ടിലുണ്ടായിരുന്നു. ഈ കാലയളവില്‍ രണ്ട് കല്യാണത്തിലും നിരവധി പൊതുപരിപാടിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നതായാണ് വിവരം.