ന്യൂഡൽഹി: 2020 മാർച്ച് 20 ഇന്ത്യയിലെ ഓരോ പെൺമക്കളുടെയും അവരുടെ അമ്മമാരുടെയും ദിവസമാണെന്ന് പറയാം. നീതി നടപ്പിലായ ദിനം, എന്നെന്നും ഓർക്കപ്പെടുന്ന ദിനം. നിർഭയയുടെ ഘാതകർക്ക് ശിക്ഷ ലഭിച്ചിരിക്കുന്നു. ഇന്ന് പുലർച്ചെ 5.30ന് പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂർ (31), പവൻ ഗുപ്‌ത(25), വിനയ് ശർമ്മ (26) എന്നിവരുടെ വധശിക്ഷ നീതിന്യായ പീഠം നടപ്പിലാക്കി. ആറുപേർ പ്രതികളായ കേസിൽ രാം സിംഗ് എന്ന മുപ്പത്തിനാലുകാരനെ 2013ൽ തിഹാർ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രായപൂർത്തിയായില്ലെന്ന നിയമത്തിന്റെ അനർഹമായ ആനുകൂല്യം പറ്റി പതിനേഴുകാരൻ രക്ഷപ്പെട്ടു.
പെൺകുട്ടിയെ ബസിലേക്ക് വിളിച്ചു കയറ്റിയ 'പിശാച്'
ഉത്തർപ്രദേശിൽനിന്ന് 11ാം വയസിൽ വീടുവിട്ടു ഡൽഹിയിലെത്തിയ ചരിത്രമാണ് ഇയാൾക്കുള്ളത്. ബസിലെ ക്ലീനറായി ജോലി ചെയ്‌തു. പെൺകുട്ടിയെ ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാളായിരുന്നു. വിചാരണവേളയിൽ സ്‌കൂൾ രേഖകൾ പരിശോധിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം നൽകി. തുടർന്ന് ബോർഡിന്റെ തിരുത്തൽ കേന്ദ്രത്തിൽ മൂന്ന് വർഷം കഴിയണമെന്നായിരുന്നു ശിക്ഷ. 2015 ഡിസംബറിൽ വിട്ടയച്ചു.
തുടർന്ന് ഒരു നോൺ ഗവൺമെന്റൽ ഓർഗനൈസേഷന്റെ നിയന്ത്രണത്തിലാണ് ഇയാളുടെ ജീവിതം. സൗത്ത് ഇന്ത്യയിൽ എവിടെയോ ഒരു പാചകക്കാരനായി ഇയാൾ കഴിയുന്നുണ്ട്. പുതിയ പേരും വിലാസവുമാണ് ഇയാൾക്ക് നൽകിയിരിക്കുന്നത്. തൊഴിലുടമയ്‌ക്കും ഇയാളുടെ മുൻകാലവിവരങ്ങൾ ലഭ്യമല്ല. എന്നാൽ എൻ.ജി.ഒയിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു പ്രത്യേക കാലയളവ് കഴിഞ്ഞാൽ നിലവിലെ ജോലി സ്ഥലത്തു നിന്ന് ഇയാൾക്ക് മറ്റൊരിടത്തേക്ക് നിയമനം നൽകും. കൂടുതൽ സുരക്ഷയ്‌ക്ക് വേണ്ടിയാണ് ഇതെന്നാണ് ഇവരുടെ വാദം.