കോലാപൂർ: മഹാരാഷ്ട്രയിൽ ബെെക്കിൽ സഞ്ചരിച്ച യുവാവ് പൊതുസ്ഥലത്ത് മുഖം മറയ്ക്കാതെ തുമ്മിയതിനെ തുടർന്ന് ആൾക്കൂട്ട മർദ്ദനം. കൊറോണ വെെറസ് ബാധ മറ്റുള്ളവരിലേക്ക് പകരുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വ്യാഴാഴ്ച വൈകീട്ട് കോലാപൂർ നഗരത്തിനടുത്ത് ഗുജാരിയിലാണ് സംഭവം നടന്നത്. യുവാവിനെ ആൾക്കൂട്ടം നിരത്തിൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബൈക്കിൽ സഞ്ചരിച്ച യുവാവ് തൂവാല ഉപയോഗിച്ച് മുഖം മറക്കാതെ തുമ്മിയെന്ന് പറഞ്ഞ് മറ്റൊരു ബൈക്കിലെത്തിയവർ ചോദ്യം ചെയ്യുകയായിരുന്നു. മുഖംമറയ്ക്കാതെ തുമ്മിയാൽ കൊറോണ വൈറസ് പടർന്നുപിടിക്കില്ലേയെന്നും യാത്രികൻ രണ്ടാമനോട് ചോദിക്കുന്നുണ്ട്. തുടർന്ന് ഇതിന്റെ പേരിൽ തർക്കം രൂക്ഷമാവുകയും തുമ്മിയയാളെ മർദ്ദിക്കുകയുമായിരുന്നു. കൈയ്യാങ്കളി രൂക്ഷമായതോടെ ഗതാഗതക്കുരുക്കുമുണ്ടായി.
തുടർന്ന് ആൾക്കൂട്ടം എത്തുന്നതും ഇയാളെ മർദ്ദിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഇയാൾ പൊലീസിൽ പരാതി നൽകിയിട്ടില്ല. മഹാരാഷ്ട്രയിൽ 49 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇത് ആളുകളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.