hang

ന്യൂഡൽഹി: നിർഭയ കേസിൽ തൂക്കിലേറ്റപ്പെട്ട പ്രതികളിൽ ഒരാൾ തൻറെ ശരീരം ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്ത്. തങ്ങളുടെ വില്‍പത്രങ്ങളിലാണ് ഇവർ ഈ ആഗ്രഹങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. കുറ്റവാളികളിലൊരാളായ വിനയ് ശര്‍മ്മ തന്റെ പെയിന്റിംഗ് ദാനം ചെയ്യാൻ ആഗ്രഹിച്ചതായും വില്‍പത്രത്തിൽ പറയുന്നു. അതേസമയം പവനും അക്ഷയും തന്റെ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവവര്‍ക്കോ ഒന്നും തന്നെ നല്‍കാന്‍ ആഗ്രഹിച്ചിരുന്നില്ല. ജയിലില്‍ വെച്ച് പ്രതികള്‍ സമ്പാദിച്ച തുക ബന്ധുക്കള്‍ക്ക് കൈമാറും. അക്ഷയ് കുമാര്‍ 69000 രൂപയാണ് ഇതുവരെ സമ്പാദിച്ചത്. പവന്‍ കുമാര്‍ ഗുപ്‌ത 39000 രൂപയും ജയിലിൽ വെച്ച് സമ്പാദിച്ചിരുന്നു.

വധശിക്ഷ നീട്ടിവെച്ചേക്കുമെന്ന പ്രതീക്ഷയിൽ ജനുവരിയിൽ പ്രതികൾ വിൽപത്രം എഴുതാൻ വിസമ്മതിച്ചിരുന്നു.  ഫെബ്രുവരിയില്‍ വധ ശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ആഗ്രഹം ആരാഞ്ഞപ്പോള്‍ അന്നും പ്രതികൾ നിശബ്ദരായിരുന്നു. വധ ശിക്ഷ നീട്ടിവെക്കുമെന്ന പ്രതീക്ഷയിൽ ആഗ്രഹങ്ങൾ അന്നും ഇവർ രേഖപ്പെടുത്തിയില്ല. വ്യാഴാഴ്ച രാവിലെ പ്രതികള്‍ക്ക് വേണ്ടി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ അഭിഭാഷകര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മരണ വാറണ്ട് റദ്ദാക്കാനാകില്ലന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ഒമ്പതുമണിയോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. ഇതിന് പിന്നാലെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. അർദ്ധരാത്രി കോടതിമുറി തുറന്ന് പ്രതികള്‍ക്കുവേണ്ടി പരമോന്നത നീതി പീഠം വീണ്ടും വാദം കേട്ടു. ഇതിനെല്ലാമൊടുവിലാണ് രാജ്യം കാത്തിരുന്ന വിധി നടപ്പിലായത്.

2012 ഡിസംബര്‍ 16-ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര ബലാത്സംഗം നടന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ പീഡനത്തിന് ഇരയാക്കിയ ശേഷം ഇരുവരെയും റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഗരുതര പരുക്കുകളോടു കൂടി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു.