dog

ഹോങ്കോംഗ്: ലോകം കടുത്ത കൊറോണ ഭീതിയിലാണ്. ചെെനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ്. ഇതുവരെ മനിഷ്യരിൽ മാത്രമായിരുന്നു കൊറോണ വെെറസ് സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴിതാ വളർത്തുമൃഗങ്ങൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഹോങ്കോംഗിലാണ് വളർത്തുനായയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പോക്ക് ഫു ലാം പ്രദേശത്തെ നായയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ പ്രദേശത്തു നിന്നുതന്നെ മറ്റൊരു വർഗത്തിൽപ്പെട്ട നായയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.

നായയ്ക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചറിയാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു. നേരത്തെ 17 വയസുള്ള പൊമേറിയൻ നായയിലാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നത്. നിരീക്ഷണത്തിലായിരുന്ന നായയെ പിന്നീട് സാധാരണ സ്ഥിതിയിലേക്ക് മാറ്റിയിരുന്നെങ്കിലും രണ്ട് ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊറോണ വെെറസിൽ നിന്നും സുഖം പ്രാപിച്ച ഉടമ നായയുടെ പോസ്റ്റ്മോർട്ടം നടത്താൻ സമ്മതിച്ചിരുന്നില്ല. ഇവരിൽ നിന്നാണോ കൊറോണ പടർന്നത് എന്നത് പരിശോധിച്ച് വരികയാണ്.

നായ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും കൊറോണ രോഗിയിൽ നിന്ന് വളർത്തു മൃ​ഗങ്ങൾക്ക് രോ​ഗം ബാധിക്കാമെന്നതിന് മറ്റ് തെളിവുകളൊന്നുമില്ലെന്ന് കൃഷി, മത്സ്യബന്ധന, സംരക്ഷണ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അതേസമയം മിക്സഡ് ബ്രീഡ് നായകളിൽ നിന്നും പോസിറ്റീവ് ഫലങ്ങളൊന്നും ലഭിച്ചിട്ടില്ല. നായകൾ രോഗലക്ഷണം കാണിച്ചിട്ടില്ല. രണ്ട് വിഭാഗം നായകളെയും പരിശോധിച്ച് വരികയാണ്.

വളർത്തുമൃഗങ്ങളുടെ ഉടമകളും ശുചിത്വം പാലിക്കേണ്ടതാണ്. മൃഗങ്ങളുമായി ഇടപഴകിയ ശേഷം കെെകൾ വൃത്തിയാക്കണം. മൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ പ്രത്യേകം നൽകണം. വളർത്തുമൃഗങ്ങളെ ചുംബിക്കുന്നത് ഒഴിവാക്കണം. സസ്തനികളിൽ നിന്നും രോഗം പടർന്നാൽ മറ്റ് മൃഗങ്ങളിലേക്കും വരാൻ സാദ്ധ്യതയുണ്ടെന്ന് പറയുന്നു. അതേസമയം,​ വളർത്തു മൃഗങ്ങളിൽ നിന്നാണ് മനുഷ്യർക്ക് കൊറോണ പടരുന്നത് എന്നതിന് തെളിവുകളില്ല.