ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് രാജി പ്രഖ്യാപിച്ചു. ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചുവെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്‌തുവെന്നും വാർത്താസമ്മേളനത്തിൽ കമൽനാഥ് പറഞ്ഞു. കഴിഞ്ഞദിവസം മദ്ധ്യപ്രദേശ് നിയമസഭയിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന സാഹചര്യത്തിലാണ് കമൽനാഥ് രാജി പ്രഖ്യാപിച്ചത്.
'സത്യം പുറത്തുവരും. ജനങ്ങൾ ഒരിക്കലും അവർക്ക് മാപ്പു നൽകില്ല. ബി.ജെ.പിയ്‌ക്ക് എന്നെയോ എന്റെ സംസ്ഥാനത്തെയോ തകർക്കാൻ കഴിയില്ല. അവർ ഭരിച്ചിരുന്ന സമയത്ത് സംസ്ഥാനത്താകെ നടമാടിയിരുന്നത് മാഫിയരാജ് ആയിരുന്നു '- പത്രസമ്മേളനത്തിൽ കമൽനാഥ് പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ടായിരുന്ന 22 എം.എൽ.എ.മാർ വിമതരായതോടെയാണ് കമൽനാഥ് സർക്കാരിന്റെ ഭാവി തുലാസിലായത്. തുടർന്ന് ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാൻ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് വെള്ളിയാഴ്‌ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവുണ്ടായത്.
22 വിമതരിൽ ആറുപേരുടെ രാജി മാത്രമാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 16 പേർക്ക് സഭയിലെത്താൻ പൊലീസ് സംരക്ഷണം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ആറുപേരുടെ രാജി സ്‌പീക്കർ സ്വീകരിച്ചതോടെ മദ്ധ്യപ്രദേശ് നിയമസഭയിൽ 222 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. ബി.ജെ.പി.ക്ക് ഇപ്പോൾ 107 പേരുടെ പിന്തുണയാണുള്ളത്. വിമതർ കൈവിട്ടാൽ കോൺഗ്രസിന്റെ അംഗങ്ങളുടെ എണ്ണം 92 ആകും.