kaumudy-news-headlines

1. രാജ്യത്ത് വീണ്ടും കൊവിഡ് മരണം. രാജസ്ഥാനില്‍ ചികിത്സയില്‍ ഇരുന്ന ഇറ്റാലിയന്‍ സ്വദേശി ആണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ലക്നൗവില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ക്കും പഞ്ചാബില്‍ ഒരാള്‍ക്കും ആന്ധ്രയില്‍ ഒരാള്‍ക്കും ആണ് വൈറസ് സ്ഥിരീകരിച്ചത്. അതിനിടെ, ജര്‍മനിയില്‍ നിന്നും എത്തിയ മകന്റെ യാത്രാ വിവരം മരച്ചുവച്ച അമ്മയ്ക്ക് സസ്‌പെന്‍ഷന്‍. റയില്‍വേ ജോലിയില്‍ നിന്നും ആണ് സസ്‌പെന്റ് ചെയ്തത്. ബംഗളൂരുവിലെ അസിസ്റ്റന്റ് പേഴ്സണല്‍ ഓഫീസര്‍ക്ക് എതിരെ ആണ് നടപടി. ജര്‍മനിയില്‍ നിന്ന് എത്തിയ മകനെ ഗസ്റ്റ്ഹൗസില്‍ ആണ് താമസിപ്പിച്ചത്


2. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 200 കടന്നു. മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ സൂറത്തിലും രാജ്‌കോട്ടിലും ഒരോ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന ആറുപേര്‍ ചാടിപോയി. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്
3. 20ലധികം പേര്‍ ഡല്‍ഹിയില്‍ സംഘടിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈകളില്‍ മുദ്ര പതിപ്പിക്കും. നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ലംഘിക്കുക ആണെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഗ്രൂപ്പ് ബിയിലും സിയിലുമുള്ള 50 ശതമാനം ആളുകളോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. 50 ശതമാനം പേര്‍ ജോലിക്ക് വരണം. പഞ്ചാബിലെ എല്ലാ പൊതുഗതാഗത സംവിധാനവും ഇന്ന് മുതല്‍ നിര്‍ത്തും. എന്നാല്‍ രാജ്യത്ത് ഇതുവരെ കൊവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചത് ആശ്വാസകരം ആണ്
4. കൊവിഡ് ബാധ സംശയിച്ച് കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അഞ്ചു ദിവസത്തിനിടെ വിവാഹ ചടങ്ങുകളില്‍ ഉള്‍പ്പെടെ വൈറസ് ബാധിതന്‍ പങ്കെടുത്തിരുന്നു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ ഉള്ളത്. കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ആണ്. അഞ്ച് ദിവസത്തിനിടെ വിവാഹ ചടങ്ങുകളില്‍ ഉള്‍പ്പെടെ വൈറസ് ബാധിതന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു
5. അതിനിടെ, ഒമാനില്‍ കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശി യാത്ര ചെയ്തത് കണ്ണൂര്‍ വിമാന താവളത്തില്‍ നിന്ന് ആണ്. കണ്ണൂര്‍ വിമാന താവളത്തിലെ ഗോ എയര്‍ കൗണ്ടറില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കും. ഈ മാസം 16 ആണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരെ നിരീക്ഷണത്തില്‍ ആക്കുന്ന കാര്യവും പരിഗണനയില്‍ ഉണ്ട്. അതേസമയം, വൈറസ് ബാധയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വ്യാജ പ്രചാരണം നടത്തിയ പൊഴുതന സ്വദേശി ഫഹദ് അറസ്റ്റില്‍
6. കൊവിഡ് ജാഗ്രതയുടെ ഭാഗമായി കളമശേരി മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര ചികിത്സ ആവശ്യമില്ലാത്തവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാന്‍ നിര്‍ദേശം. വൈകിട്ട് നാല് മണി മുതല്‍ ഏഴ് വരെയുള്ള സൗജന്യ സന്ദര്‍ശനം താല്‍ക്കാലികമായി നിറുത്തി. രോഗകളുടെ കൂട്ടിരിപ്പുകാരുടെ എണ്ണം ഒന്നിന് ആയി നിജപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്നാട് വിലക്ക് ഏര്‍പ്പെടുത്തി. കൊല്ലം ജില്ലാ അതിര്‍ത്തിയായ പുളിയറ ചെക്‌പോസ്റ്റില്‍ വാഹനങ്ങള്‍ തടയുന്നു. കെ.എസ്.ആര്‍.ടി.സി ബസ് മാത്രമാണ് നിലവില്‍ കടത്തി വിടുന്നത്. ഈ മാസം 31വരെ നിയന്ത്രണം തുടരും എന്ന് തെങ്കാശി ജില്ലാ ഭരണകൂടം.
7. നിര്‍ഭയ കേസില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി നടപ്പായെന്ന് പ്രധാനമന്ത്രി. സ്ത്രീകളുടെ അഭിമാനവും സുരക്ഷയും ആണ് ഏറ്റവും പ്രധാനം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 5.30 ന് തൂക്കിലേറ്റിയ നാല് പ്രതികളുടെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് തിഹാര്‍ ജയില്‍ ഡയറക്റ്റര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു. പ്രതികളായ അക്ഷയ് സിംഗ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ 8.20 നാണ് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്
8. 2014 ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടക്കുക. തൂക്കിലേറ്റുന്നവര്‍ ശ്വാസംമുട്ടിയോ പിരടി തകര്‍ന്നോ മരണപ്പെടാറുണ്ട്. ഇത് അടക്കം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തേണ്ടത് ഉണ്ട്. പട്യാല ഹൗസ് കോടതിയുടെ മരണ വാറന്റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. പ്രത്യേക തൂക്ക് തട്ട് തയ്യാറാക്കിയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്റ്റേ ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഒരു മാനഭംഗ കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിന് എതിരെയുള്ള ഹര്‍ജിയില്‍ അര്‍ധരാത്രി സുപ്രീം കോടതി വാദം കേട്ടെന്ന അപൂര്‍വതയും ഇതിലൂടെ രാജ്യത്ത് നടന്നു
9. കൊവിഡ് ഭീതി നില നില്‍ക്കുന്നതിനിടെ, ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കുള്ള ഡല്‍ഹിയില്‍, ഇതെല്ലാം മറികടന്നും നൂറുകണക്കിന് പേരാണ് തിഹാര്‍ ജയിലിന് മുന്നിലെത്തിയത്. ഇത് പെണ്‍കുട്ടികളുടെ പുതിയ പ്രഭാതം, എന്നാണ് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞത്. ഒടുവില്‍ തന്റെ മകള്‍ക്ക് നീതി ലഭിച്ചു. നന്ദിയുണ്ട് രാജ്യത്തെ നിയമ സംവിധാനത്തിനോട്. താന്‍ ഒനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകള്‍ തനിക്കൊപ്പം ഉണ്ടായിരുന്നു എന്നും ആശാദേവി പറഞ്ഞു. കനത്ത സുരക്ഷാ വലയമാണ് തീഹാര്‍ ജയിലിന് പുറത്ത് ഒരുക്കി ഇരുന്നത്