vehicle

കൊല്ലം: കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം ജില്ലാ അതിർത്തിയായ പുളിയറ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞു. കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. പുളിയറ ചെക്ക്പോസ്റ്റിൽ കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ക്ഷേത്രദര്‍ശനം, വിവാഹം, വിനോദയാത്രകള്‍ എന്നിവയ്ക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ചു. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകി. വാളയാർ അതിർത്തി വഴിയുള്ള വാഹന ഗതാഗതത്തിനും തമിഴ്നാട് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയവരെയും ആശുപത്രികളിലേക്ക് പോകുന്നവരെയും മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. മറ്റു വാഹനങ്ങൾ കേരളത്തിലേക്ക് തിരിച്ചയക്കുന്നു. വാളയാർ അതിർത്തി കഴിഞ്ഞ് തമിഴ്നാട്ടിലെ ചാവടിയിലാണ് പൊലീസും ഡോക്ടർമാർ അടങ്ങിയ ആരോഗ്യവകുപ്പ് സംഘവും ചേർന്ന് പരിശോധന നടത്തുന്നത്.

അതേസമയം,​ കുടക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിലേക്കുള്ള പ്രവേശനാതിർത്തിയായ കിളിയന്തറ ചെക്ക് പോസ്റ്റിൽ ആരോഗ്യ വകുപ്പ് - പൊലീസ് - റവന്യു സംഘം പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. കുടകിൽ നിന്നു വീരാജ്‌പേട്ട ചുരം പാത വഴിയാണ് കേരളത്തിലേക്കുള്ള പ്രധാന വഴി. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളും ഈ പാത വഴി തന്നെയാണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിൽ കോവിഡ് 19 പ്രതിരോധ നടപടികൾ ശക്തമാക്കിയപ്പോൾ തന്നെ അതിർത്തി കടന്നെത്തുന്നവരെ പരിശോധിക്കാൻ കിളിയന്തറ എക്‌സൈസ് ചെക്ക്‌പോസ്റ്റിനോടു ചേർന്ന് ജില്ലാ ഭരണകൂടം സംയുക്ത പരിശോധക സംഘത്തെ നിയോഗിച്ചിരുന്നു.