മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയും നിശ്ചലമാകുന്നു. അവശ്യസേവനങ്ങൾ ഒഴികെ മറ്റെല്ലാം നിർത്താൻ ഒരുങ്ങി സർക്കാർ. മുംബൈ നഗരം ഉൾപ്പടെ മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലെല്ലാം ഓഫീസുകൾ അടയ്ക്കുന്നു. മാർച്ച് 31വരെ ഈ സ്ഥിതി തുടരാനാണ് തീരുമാനം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടയ്ക്കും.
മുംബൈ, പൂനെ,പിംപ്റി ചിൻഞ്ച്‌വാട്, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ അവശ്യസേവനങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു. മഹാരാഷ്ട്രയിൽ ഇതുവരെ 52 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ വേതനം നിർത്തലാക്കരുതെന്നും മുഖ്യമന്ത്രി സ്ഥാപന ഉടമകളോടായി പറഞ്ഞു. ജനങ്ങൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാൽ പൊതുഗതാഗത സംവിധാനവും താൽക്കാലികമായി നിർത്താനും ആലോചനയുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ 25% മാത്രം ഹാജർ നില മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ സാധനങ്ങളുടെ വില വർദ്ധനവും സാധനങ്ങൾ ലഭിക്കാതെ ഇരിക്കുന്ന അവസ്ഥയും ഉണ്ടാകില്ലെന്നും, അതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം വഴിയോര കച്ചവടങ്ങൾ നിർത്തലാക്കിയിരുന്നു. ഒന്നാം ക്ളാസ് മുതൽ എട്ടാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് സ്കൂളുകൾക്കും അവധി നൽകിയിരിക്കുകയാണ്. കൊറോണ വ്യാപനം തടയുന്നതിനായുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നും ആളുകൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ജനങ്ങളോടായി പറഞ്ഞു.