madhyapradesh-

ഭോപ്പാൽ:മദ്ധ്യപ്രദേശിൽ ബി. ജെ. പിയുടെ കുതിരക്കവടത്തിൽ 22 കോൺഗ്രസ് എം. എൽ. എമാർ കാലുവാരിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി കമൽനാഥ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജിവച്ചു. ഇതോടെ സംസ്ഥാനത്ത് പതിനഞ്ച് വർഷത്തിന് ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ വീണു. ബി. ജെ. പി വീണ്ടും സർക്കാരുണ്ടാക്കാൻ കളമൊരുങ്ങുകയും ചെയ്‌തു.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. അതിന് മുമ്പ് വസതിയിൽ നടത്തിയ പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചു. പിന്നീട് രാജ്ഭവനിൽ എത്തി ഗവർണർ ലാൽജി ടണ്ടന് രാജിക്കത്ത് കൈമാറി.

ഇന്നലെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി.

മൂന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാൻ തന്നെ വീണ്ടും അധികാരത്തിലേറും.അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുക്കാൻ ബി. ജെ. പി നിയമസഭാ കക്ഷിയോഗം ചേരും.

കമൽനാഥിനൊപ്പമായിരുന്ന സ്വതന്ത്രൻ പ്രദീപ് ജയ്‌സ്വാൾ ഇന്നലെ ബി. ജെ. പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിന് പിന്തുണനൽകിയിരുന്ന ബി. എസ്. പി, സമാജ്‌വാദി എം. എൽ.എമാർ സഭയിൽ ഹാജരായില്ല. അതേസമയം, ബി. ജെ. പി എം. എൽ. എ ശരദ് കോൾ ഇന്നലെ രാജി വച്ചു. സ്പീക്കർ രാജി സ്വീകരിച്ചെങ്കിലും ബി. ജെ. പിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല.

ബി. ജെ. പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച 22 കോൺഗ്രസ് എം.എൽ.എ.മാർ രാജിവച്ചതോടെയാണ് കമൽനാഥ് സർക്കാരിന്റെ ഭാവി തുലാസിലായത്. തുടർന്ന് കഴിഞ്ഞയാഴ്ച വിശ്വാസ വോട്ടിന് ഗവർണർ ഉത്തരവിട്ടെങ്കിലും കൊറോണയുടെ പേരിൽ നിയമസഭ 26 വരെ സ്‌പീക്കർ എൻ. പി പ്രജാപതി മാറ്റി വച്ചു. തുടർന്ന് ഉടൻ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ശിവരാജ് സിംഗ് ചൗഹാൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഇന്നലെ വിശ്വാസവോട്ടെടുപ്പിന് കോടതി വ്യാഴാഴ്‌ച ഉത്തരവിട്ടത്.

വിമതരിൽ ആറ് മന്ത്രിമാരുടെ രാജി സ്പീക്കർ നേരത്തേ സ്വീകരിച്ചിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ബംഗളുരുവിൽ കഴിയുന്ന മറ്റ് 16 എം. എൽ. എമാരുടെ രാജി അദ്ദേഹം സ്വീകരിച്ചത്. ഇതോടെ സഭയുടെ മൊത്തം അംഗബലം 206 ആയി കുറഞ്ഞു. വിശ്വാസ വോട്ട് നേടാൻ കമൽനാഥ് സർക്കാരിന് 104 പേരുടെ പിന്തുണ വേണമായിരുന്നു.

കോൺഗ്രസിന്റെ 92 അംഗങ്ങളും ഏഴ് സഖ്യകക്ഷി അംഗങ്ങളും ഉൾപ്പെടെ 99 അംഗങ്ങളുടെ പിന്തുണയേ സർക്കാരിനുള്ളൂ. ഭൂരിപക്ഷത്തിന് അഞ്ച് പേരുടെ കുറവ്. ബി. ജെ. പിയുടെ ഒരംഗം രാജിവച്ചെങ്കിലും സ്വതന്ത്രൻ ഉൾപ്പെടെ 107 അംഗങ്ങളുള്ളതിനാൽ സർക്കാർ രൂപീകരിക്കാനാവും.


'