ലക്‌നൗ: സണ്ണി ലിയോൺ അഭിനയിച്ച രാഗിണി എം.എം.എസ് 2ലെ 'ബേബി ഡോൾ' എന്ന ഗാനത്തിലൂടെ പ്രശസ്തയായ ബോളിവുഡ് ഗായിക കനിക കപൂറിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച നാലു പേരിൽ ഒരാളാണ് ലക്‌നൗ സ്വദേശിയായ കനിക കപൂർ. ഇവരെ ലക്‌നൗ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 15ന് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഇവർ കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. "കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. പരിശോധനയിൽ കൊറോണ ആണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാനും എന്റെ കുടുംബവും ഇപ്പോൾ പൂർണമായും സമ്പർക്ക വിലക്കിലാണ്. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമായിരിക്കും തുടർന്നുള്ള നടപടികൾ. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി അടുത്തിടപഴകിയവരുടെ പട്ടികയും റൂട്ട് മാപ്പും വൈകാതെ പ്രസിദ്ധീകരിക്കും." - കനിക കപൂർ ഇൻസ്റ്റാഗ്രാമിൽ വ്യക്തമാക്കി. യാത്രാ വിവരങ്ങൾ യഥാസമയം കനിക ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നില്ല. കനികയുടെ പാർട്ടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തതായാണ് വിവരം. ഗായികയുമായി അടുത്തിടപഴകിയവർക്ക് സമ്പർക്ക വിലക്കേർപ്പെടുത്താനുള്ള നീക്കത്തിലാണ് അധികൃതർ.