ന്യൂഡൽഹി: ലോകമെമ്പാടും പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന 'ജനതാ കർഫ്യൂ" വിന് പിന്തുണയുമായി സൂപ്പർതാരങ്ങളടക്കം നിരവധി പേർ രംഗത്തെത്തി. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെയാണ് കർഫ്യൂ. 'പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇതൊരു അസാധാരണമായ സാഹചര്യമാണ്. അതുകൊണ്ടു തന്നെ അസാധാരണമായ മുൻ കരുതലുകൾ സ്വീകരിക്കണം. "- നടൻ കമലഹാസൻ ട്വീറ്റ് ചെയ്തു. 'വൈറസ് പടർന്ന് പിടിക്കുന്നത് തടയാൻ സാമൂഹികമായ ഇടപെടലുകൾ കുറയ്ക്കാനും പിന്നീട് അതൊരു ശീലമായി മുന്നോട്ട് കൊണ്ടുപോകാനും കർഫ്യൂകൊണ്ട് ഉപകാരപ്പെടുമെന്ന്' ബോളിവുഡ് താരം ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം 22ന് ജനതാ കർഫ്യൂ ആചരിക്കണമെന്നും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നും ഇന്ത്യക്കാർക്ക് നമസ്‌കാരം പറഞ്ഞു കൊണ്ട് നടൻ അജയ് ദേവ്ഗൺ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനം നമുക്ക് ഒറ്റക്കെട്ടായി നടപ്പിലാക്കാമെന്നും ജനതാ കർഫ്യൂ ആചരിക്കണമെന്നും നടൻ റിതേഷ് ദേഷ്‌മുഖ്. എല്ലാവരും കഴിയുന്നത്ര വീട്ടിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കണമെന്നും 60ന് മുകളിൽ പ്രായമുള്ളവർ രണ്ടാഴ്ചത്തേക്ക് വീട്ടിൽ തന്നെ തുടരണമെന്നും റിതേഷ് വ്യക്തമാക്കി. അഭിനേതാക്കളായ അനുഷ്‌ക ശർമ, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ,വരുൺധവാൻ, ക്രിക്കറ്റ് താരങ്ങളായ വിരാട് കൊഹ്‌ലി, ശിഖർ ധവാൻ തുടങ്ങിയവരും കർഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തി.