തിരുവനന്തപുരം: കോറോണ ഭീതിയിൽ വിറയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ച് വിദ്യാർത്ഥികളെ അവരുടെ രാജ്യങ്ങളിലേക്ക് പറഞ്ഞുവിടുകയും ചെയ്തെങ്കിലും കുട്ടികളുടെ പഠിത്തം മുടക്കാൻ ചൈനയെ കിട്ടില്ല. ക്ലാസ് മുറിയിൽ എങ്ങനെയാണോ പഠനം മുന്നോട്ടുകൊണ്ടുപോകുന്നത് അതേ രീതിയിൽ ഓൺലൈനായി മെഡിക്കൽ രംഗത്ത് ഉൾപ്പെടെ അദ്ധ്യാപനം മുടങ്ങാതെ കൊണ്ടുപോകുകയാണ് ചൈന. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കടക്കം അതിനാൽ, കൊറോണയുടെ പേരുപറഞ്ഞ് പഠനത്തിൽ ഉഴപ്പാനാവില്ല. കാരണം ഹാജർ വിളിയും അദ്ധ്യാപകന്റെ ചോദ്യം ചോദിക്കലുമൊക്ക 'ക്ളാസ് സമയത്ത്' പ്രതീക്ഷിക്കാം. ഓൺലൈൻ പഠന സമയത്ത് 'വീട്ടുമുറിയിലെ ക്ലാസിൽ' തന്നെയുണ്ടാകണം വിദ്യാർത്ഥികൾ എന്ന് ചുരുക്കം. എങ്ങനെയുണ്ട് ചൈനീസ് ബുദ്ധി എന്ന് ചോദിക്കേണ്ടതില്ലല്ലോ. അതാണ് ചൈന എന്ന് വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ ഉത്തരം നൽകും.
കൊറോണയുടെ താണ്ഡവത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം ചൈന അവധി നൽകിയിരുന്നു. കേരളത്തിലെ വിദ്യാർത്ഥികളടക്കം വീടുകളിൽ എത്തുകയും ചെയ്തു. എന്നാൽ, കൊറോണയിൽ നിന്ന് പതിയെ കരകേറുന്നതിനൊപ്പംതന്നെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനും ചൈന ശ്രദ്ധിച്ചു. അതിന്റെ ഭാഗമാണ് വിദ്യാർത്ഥികളെ അവരവരുടെ രാജ്യങ്ങളിലെ വീട്ടിലിരുത്തിതന്നെ പഠിപ്പിക്കാൻ ചൈന തീരുമാനിച്ചതും അതിനായി ഓൺലൈൻ പഠനം ആരംഭിച്ചതും. മെഡിക്കൽ കോളേജുകളിൽ പലതിലും ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടു. ടൈംടേബിൾ അനുസരിച്ചുതന്നെ ക്ലാസുകൾ നടക്കുന്നുണ്ടെന്ന് വുഹാനിലെ ഒരു മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി 'ഫ്ളാഷി'നോട് പറഞ്ഞു. ഓൺലൈൻ ആണെന്നുകരുതി ഉഴപ്പാനോ ക്ളാസിൽ നിന്ന് മുങ്ങാനോ കഴിയില്ലെന്ന് വിദ്യാർത്ഥി പറയുന്നു.
ക്ളാസെടുപ്പും വീട്ടിലിരുന്ന് ക്ലാസിന്റെ സമയം വിദ്യാർത്ഥികളെ ചൈനയിലെ മെഡിക്കൽ കോളേജുകൾ മുൻകൂട്ടി അറിയിക്കും. ഈ സമയത്ത് വിദ്യാർത്ഥികൾ ഓൺലൈനിലുണ്ടാകണം. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് പഠനം. ആദ്യം വാട്ട്സ് ആപ്പിന്റെ മറ്റൊരു രൂപമായ വീ ചാറ്റ് ഉപയോഗിച്ചായിരുന്നു ക്ലാസുകൾ നടന്നിരുന്നത്. പിന്നീട് റെയിൻ ക്ലാസ്, ഡിംഗ് ടാക്ക്, ടെൻസെന്റ് എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്‌താണ് വിദ്യാർത്ഥികൾ ക്ലാസിലിരിക്കുന്നത്. പവർ പോയിന്റ് അവതരണം ഉൾപ്പെടെ രസകരമാണ് ക്ലാസുകൾ. വിദ്യാർത്ഥികൾ പ്രത്യേക ഐ.ഡി ഉപയോഗിച്ചാണ് ലോഗിൻ ചെയ്യുന്നത്. അദ്ധ്യാപകർ ചൈനയിലെ വീടുകളിലിരുന്നാണ് ക്ളാസെടുക്കുന്നത്. അതിൽ ചില അദ്ധ്യാപകരാകട്ടെ കൊറോണ സംശയത്തെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലുമാണ്. എന്നാൽ, ക്ലാസെടുക്കുന്നതിന് അവർക്ക് യാതൊരു മടിയുമില്ല. ചൈനീസ് സമയം രാവിലെ പത്ത് മണിക്ക് ക്ലാസുകൾ ആരംഭിക്കും. അപ്പോൾ ഇന്ത്യയിൽ പ്രാദേശിക സമയം രാവിലെ ഏഴരയായിരിക്കും. ഒരു ക്ളാസിന് നൂറ് മിനിറ്റാണ് ദൈർഘ്യം. ഒരു ദിവസം മൂന്ന് ക്ലാസുകളാണുള്ളത്. ഹാജരിന് ഹാജരാവണം ആപ്പിൽ ഓൺലൈനിൽ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഹാജർ കിട്ടില്ല. നൂറ് മിനിറ്റ് ക്ളാസിൽ എൺപത് മിനിറ്റെങ്കിലും വിദ്യാർത്ഥി ഓൺലൈനായി ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. കുട്ടി ഓൺലൈൻ ക്ലാസിലുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ചെറു ചോദ്യങ്ങൾ ഇടയ്ക്കിടെ അദ്ധ്യാപകൻ കുട്ടികൾക്ക് അയച്ച് കൊടുക്കും. ഉത്തരം നൽകിയില്ലെങ്കിൽ ഹാജർ പോയി കിട്ടും. ക്ളാസ് കഴിയുമ്പോൾ മോണിറ്റർ വഴി എല്ലാവർക്കും ഹാജർ നിലയും കൈയിൽ കിട്ടും. അദ്ധ്യാപകനെ വിദ്യാർത്ഥികൾക്ക് കാണാമെങ്കിലും വിദ്യാർത്ഥികളെ ആരേയും അദ്ധ്യാപകന് ആപ്പിലൂടെ കാണാൻ സാധിക്കില്ല. ഇന്റർനെറ്റ് കണക്ഷൻ പ്രശ്നത്തിൽ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടായാൽ പേടിക്കേണ്ട ആവശ്യമില്ല.
ലൈവ് വീഡിയോ പിന്നീട് ബാക്ക് അപ്പ് വീഡിയോ ആയി കാണാനുള്ള സൗകര്യമുണ്ട്. രാത്രി എട്ട് മണിക്ക് മുമ്പ് വീഡിയോ കണ്ടാൽ ഹാജർ ഉറപ്പായും കിട്ടും. പഠിപ്പിക്കുന്ന ഭാഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒരു വോയ്സ് മെസേജ് അയച്ചാൽ മതി. അപ്പോൾ തന്നെ അദ്ധ്യാപകന്റെ മറുപടി കിട്ടും. ഇത്തരത്തിൽ തിയറി ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസുകൾ ചൈനയിൽ തിരിച്ചെത്തിയ ശേഷമേ നടക്കൂ. പരീക്ഷകളും അപ്പോഴായിരിക്കും. ചൈനയിൽ കൊറോണ ഒരുവിധം നിയന്ത്രണ വിധേയമായതിനാൽ മെയ് ആദ്യ വാരത്തോടെ ചൈനയിലേക്ക് തിരികെ എത്താമെന്നാണ് സർവകലാശാല അധികൃതർ വിദ്യാർത്ഥികളോട് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായാൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഇനി ചൈനയിലോട്ട് യാത്ര ചെയ്യാനാകൂ. നൂറോളം മലയാളി വിദ്യാർത്ഥികളാണ് ഓൺലൈൻ കോഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.