office

തിരുവനന്തപുരം: കൊറോണ രോഗബാധ പിടിമുറുക്കിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാർക്കും ക്ഷേത്രങ്ങൾക്കുമാണ് പ്രധാനമായും നിയന്ത്രണം നിലവിൽ വന്നിരിക്കുന്നത്. സെക്‌ഷൻ ഓഫീസർക്ക് താഴെയുള്ള തസ്തികയിലുള്ള ഓഫീസ് ജീവനക്കാർ ഇനി മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതി.

ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ ഉടൻ തന്നെ പുറത്തിറക്കും. മാത്രമല്ല മാർച്ച് 31 വരെ ശനിയാഴ്ച ദിവസങ്ങളിൽ അവധിയുമായിരിക്കും. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. നിയന്ത്രണം മാർച്ച് 31 വരെ മാത്രമാണെന്നും 70 ശതമാനത്തോളം ജീവനക്കാർക്ക് നിയന്ത്രണം ബാധകമായിരിക്കുമെന്നും വിവരമുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 രോഗബാധയെ പ്രതിരോധിക്കാനായി ദേവസ്വം ബോർഡ് കൊണ്ടുവന്ന വിലക്ക് നാളെ മുതലാണ് നിലവിൽ വരിക.

ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ, ചോറൂണ് വിവാഹം എന്നീ ചടങ്ങുകൾ നാളെ മുതൽ ഉണ്ടാകില്ല എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ശബരിമല ഉത്സവം പ്രമാണിച്ചാകട്ടെ ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.