ന്യൂഡൽഹി: കോവിഡ് 19 രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി
അത്യാവശ്യ ട്രെയിനുകൾ ഒഴികെയുളള എല്ലാ സർവീസുകളും നിർത്തിവച്ചു. പ്ളാറ്റ് ഫോം റ്റിക്കറ്റുകളുടെ വില വർദ്ധിപ്പിച്ചു. അതോടൊപ്പം വൈറസ് ബാധയേൽക്കാതിരിക്കാൻ വേണ്ട സുരക്ഷ മുൻകരുതലുകളെ പറ്റി യാത്രക്കാർക്ക് അവബോധം നൽകുന്നതിനുളള പരിപാടിയും റെയിൽവേ സംഘടിപ്പിച്ചിട്ടുണ്ട്.
വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാൻ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. 155 ജോഡി ലോക്കൽ ട്രെയിനുകളാണ് ഈ മാസം 31 വരെ നിർത്തിവച്ചിരിക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്‌ത യാത്രക്കാരുടെ മുഴുവൻ പണവും തിരികെ നൽകുമെന്നും റെയിൽവേ അറിയിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് 60 വയസിന് മുകളിലുളളവർ യാത്ര ചെയ്യാൻ പാടില്ലന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗിന് രോഗികൾക്കും വിദ്യാർത്ഥികൾക്കും ഒഴികെ മാർച്ച് 20 മുതൽ ഇളവ് അനുവദിക്കും.
റെയിൽവേ സ്റ്റേഷനിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴുവാക്കാൻ പ്ളാറ്റ് ഫോം ടിക്കറ്റുകളുടെ വില 50 രൂപയാക്കി ഉയർത്തി.
യാത്രയ്ക്കിടയിൽ പനിയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ യാത്രക്കാരന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ മുന്നറിയിപ്പുകൾ നൽകുന്നതിൻെറ ഭാഗമായി സ്‌റ്റേഷനിലും ട്രെയിനിനുളളിലും പ്രത്യേകം അനൗണ്‍സ്‌മെന്‌റെ നടത്തും. ഇതിലൂടെ എന്താക്കെ കാര്യങ്ങൾ ജനങ്ങൾ ചെയ്യണമെന്നും ചെയ്യാൻ പാടില്ലെന്നും കൃത്യമായി അറിയിക്കും.