വാഷിംഗ്ടൺ: മഹാമാരിയായ കൊറോണ 160 രാജ്യങ്ങളിൽ സംഹാരതാണ്ഡവം തുടരുമ്പോൾ ഇരുവരെ മരിച്ചത് 10,100ഓളം പേർ.രണ്ടരലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.
വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ പിന്തള്ളി ഇറ്റലിയിൽ മരണം വർദ്ധിക്കുകയാണ്. 3500 പേരാണ് ഇറ്റലിയിൽ മരിച്ചത്. രോഗികളുടെ എണ്ണം 42,000 കടന്നു. ഇറ്റലിയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ 3 വരെ നീട്ടി.ചൈനയിൽ 3,245 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം ഇറ്റലിയിൽ 427 പേർ മരിച്ചു.
അതേസമയം, ലോകത്താകെ 90,000 പേർ രോഗവിമുക്തി നേടിയെന്നത് ആശ്വാസമേകുന്നു.
സ്‌പെയിനിലും ജർമ്മനിയിലും സ്വിറ്റ്സർലൻഡിലും അമേരിക്കയിലും രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. വ്യാഴാഴ്ച മാത്രം രണ്ടായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.
ദക്ഷിണ കൊറിയ, നെതർലാൻഡ്സ്, ഓസ്ട്രിയ, ബെൽജിയം, നോർവേ, സ്വീഡൻ, മലേഷ്യ, ഡെൻമാർക്ക്, പോർച്ചുഗൽ, ആസ്‌ട്രേലിയ, ചെച്‌നിയ, ഇസ്രയേൽ, പാകിസ്ഥാൻ, ചിലി, ലക്സംബർഗ് എന്നിവിടങ്ങളിലും രോഗികൾ വർദ്ധിച്ചു.
സ്‌പെയിനിലും ഇറാനിലും സ്ഥിതി രൂക്ഷം. സ്‌പെയിനിൽ മരണം 1000 കവിഞ്ഞു. ഇന്നലെ 193 മരണം.
ഇറാനിൽ 20,000ത്തിലേറെ പേർക്ക് രോഗം. മരണം 1600. പുതുവത്സരാഘോഷം ഒഴിവാക്കി ജനങ്ങൾ വീട്ടിലിരിക്കാൻ ഇറാൻ സർക്കാർ അഭ്യർത്ഥിച്ചു. ജനങ്ങൾ വിലക്കുകൾ ധിക്കരിച്ച് തെരുവുകളിൽ പുതുവത്സരാഘോഷത്തിനായി സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്.
ഫ്രാൻസിൽ 108 പേർ കൂടി മരിച്ചു. അമേരിക്കയിൽ 220 പേരും ബ്രിട്ടനിൽ 150 പേരും മരിച്ചു. ജർമ്മനിയിൽ 15,000ത്തിലേറെ രോഗികൾ. ആളുകളെ പൂർണമായി വീട്ടിൽ ഇരുത്തുമെന്ന് ജർമ്മനി.
അമേരിക്കയിൽ16000 രോഗികൾ. ബാറുകളും തിയേറ്ററുകളും അടച്ചു. കാലിഫോർണിയയിൽ 25 ലക്ഷം പേർക്ക് വൈറസ് ബാധിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നഗരം അടയ്ക്കാൻ ഗവർണർ ഉത്തരവിട്ടു.
വൈറസിനെതിരെ ഉടൻ മരുന്ന് വികസിപ്പിക്കുമെന്നും മലേറിയയുടെ മരുന്ന് കൊറോണയ്ക്ക് ഉപയോഗിക്കാമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന ഗവേഷകർ തള്ളി.
ബ്രിട്ടനിൽ എല്ലാ സ്‌കൂളുകൾക്കും അവധി.
ചൈനയിൽ രണ്ടാംദിനവും പുതിയ കേസുകൾ ഇല്ല.
യൂറോപ്യൻ കമ്മിഷൻ വെന്റിലേറ്ററുകളും മാസ്‌കുകളും സംഭരിക്കുന്നു
സൗദി അറേബ്യ പൊതുഗതാഗതം പൂർണമായും നിരോധിക്കും. ആഭ്യന്തര വിമാനങ്ങൾ, ബസുകൾ, ട്രെയിൻ, ടാക്സികൾ എന്നിവ സർവീസ് നടത്തില്ല.
കുവൈറ്റിൽ 24 മണിക്കൂറിനുള്ളിൽ 11 പുതിയ കേസുകൾ. രോഗികൾ159 ആയി.
ഖത്തറിൽ 10 പേർക്ക് കൂടി രോഗം
ഫ്രാൻസിലെ ലോകപ്രശസ്‌തമായ 'കാൻ ഫിലിം ഫെസ്റ്റിവൽ' മാറ്റി വച്ചു. മേയ് 12 മുതൽ 23 വരെയാണ് മേള നടക്കാനിരുന്നത്.