ലണ്ടൻ: കൊറോണയിൽ ബുദ്ധിമുട്ടുന്ന വായനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒന്നാം പേജിൽ ഒരേ തലക്കെട്ടും വാർത്തയും നൽകി ബ്രിട്ടനിലെ ദിനപത്രങ്ങൾ. 'നിങ്ങൾ ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഞങ്ങൾ' എന്ന കാമ്പെയിനിന്റെ ഭാഗമായി 'When You're on your own, We are there with you' എന്ന തലക്കെട്ടാണ് വെള്ളിയാഴ്ച ബ്രിട്ടനിലെ 50ഓളം ദിനപ്പത്രങ്ങൾ ഒന്നാംപേജിലെ പ്രധാന വാർത്തയ്ക്ക് നൽകിയത്.
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത മഹാമാരിക്കെതിരെ പോരാടുമ്പോൾ, പ്രധാനമന്ത്രി പറഞ്ഞതുപോലെ രാജ്യം ഇതുവരെ നേരിട്ട ഏറ്റവും ദുർഘടമായ സ്ഥിതിയിലൂടെ കടന്നുപോകുമ്പോൾ, ജനങ്ങൾ സ്വയം ഒറ്റപ്പെട്ട് മാറിനിൽക്കുമ്പോൾ, ഇതുവരെ എല്ലാ പ്രതിസന്ധികളിലും തങ്ങളെ പിന്തുണച്ച വായനക്കാർക്കൊപ്പം നിൽക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുകയാണെന്ന് പത്രങ്ങൾ വ്യക്തമാക്കി.
ഓക്സ്ഫോർഡ് മെയിൽ, കേംബ്രിഡ്ജ് ന്യൂസ്, ന്യൂസ് ആൻഡ് സ്റ്റാർ, എക്കോ, ദി പ്രസ്, ഡെയിൽ എക്കോ തുടങ്ങിയ പത്രങ്ങളെല്ലാം കാമ്പെയിനിന്റെ ഭാഗമായി.