nirbhaya-case-

ന്യൂഡൽഹി: ഏഴുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ നിർഭയയ്ക്ക് നീതി ലഭിച്ച ദിവസമാണിന്ന്. സ്വന്തം മകളുടെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവർക്ക് കൊലക്കയർ നേടികൊടുക്കാൻ രാജ്യമൊന്നടങ്കം നിർഭയയുടെ മാതാപിതാക്കൾക്കൊപ്പം നിന്നു. തങ്ങളുടോ പോരാട്ടത്തിന്റെ വഴികളിൽ താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നവർ നിരവിധിയാണ്. അവരിൽ ഒരു നേതാവിനെ ഒരിക്കലും മറക്കാനാവില്ലെന്ന് നിർഭയയുടെ മാതാപിതാക്കൾ പറയുന്നു. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധിയാണ് ആ നേതാവ്.

ഇക്കാര്യത്തെക്കുറിച്ച് നിർഭയയുടെ പിതാവ് പറയുന്നു. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്നില്ല. എന്നാൽ ജീവിതം ആകെ മരവിച്ചുപോയ ആ അവസ്ഥയിൽ ഞങ്ങൾക്ക് താങ്ങായും തണലായും കൂടെയുണ്ടായിരുന്നത് രാഹുൽ ഗാന്ധി മാത്രമാണ്. കുടുംബത്തെ സാമ്പത്തികമായി വരെ സഹായിച്ചിട്ടുണ്ട്,​ എന്നാൽ ഇതിനെക്കുറിച്ച് മാദ്ധ്യമങ്ങളെപ്പോലും അറിയിച്ചിരുന്നില്ല. എല്ലാം രഹസ്യമാക്കി വയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ കർശന നിർദ്ദേശം. വാർത്താഏജൻസിയോടായിരുന്നു 2017ൽ ഇക്കാര്യങ്ങൾ ബദ്രിനാഥ് സിംഗ് വെളിപ്പെടുത്തിയത്.

മകന് രാഹുലിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. ഇപ്പോൾ അവൻ ട്രെയിനിംഗ് കഴിഞ്ഞ് ഇൻഡിഗോയിൽ ജോലി നോക്കുകയാണ്'. ഇതെല്ലാം സാദ്ധ്യമായത് രാഹുൽ എന്ന ഒറ്റ ഒരാളുടെ പിന്തുണ മൂലമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഞങ്ങളെ സമീപിച്ചതും രാഷ്ട്രീയ അജണ്ടകളുമായല്ല. അദ്ദേഹം ഞങ്ങളെ സഹായിച്ചെന്ന സത്യം എന്നും സത്യമായി തന്നെ നിലനില്‍ക്കും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. രാഷ്ട്രീയത്തിന് വേണ്ടിയല്ല താനിതെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറയരുതെന്ന് ഞങ്ങളോട് പലതവണ അദ്ദേഹം നിർദേശിച്ചിരുന്നു. അത് മനുഷ്യത്വമാണ് രാഷ്ട്രീയമല്ല. - ബദ്രിനാഥ് പറയുന്നു.

ഇന്നലെ രാത്രി മുതൽ ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്ന അസാധാരണ സംഭവങ്ങൾക്കൊടുവിൽ പ്രതികളുടെ ഹർജികൾ തള്ളിയതോടെയാണ് ഇന്ന് പുലർച്ചെ 5.30ന് നിർഭയ കേസിലെ നാല് പ്രതികളെയും തിഹാർ ജയിലിൽ തൂക്കിലേറ്റിയത്. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

2012 ഡിസംബർ 16ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗം നടന്നത്. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി പെൺകുട്ടിയെ ഓടുന്ന ബസിൽ പീഡനത്തിനിരയാക്കിയതിന് ശേഷം ഇരുവരെയും റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മാരകമായ മുറിവുകളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരിച്ചു.