കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാനായി പൊതുമേഖലാ ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനമായ ഔഷധി കർമ്മ പരിപാടികൾക്ക് തുടക്കമിട്ടു. സർക്കാർ ആയുർവേദ ആശുപത്രികൾ, ഡിസ്‌പെൻസറികൾ, ഔഷധി ഡീലർമാർ എന്നിവരിലൂടെ പൊതുജനാരോഗ്യം വർദ്ധിപ്പിക്കാൻ ആവശ്യമായ മരുന്നുകൾ നൽകുന്നുണ്ട്.
'ബ്രേക്ക് ദ ചെയിൻ" കാമ്പയിന്റെ ഭാഗമായി ഔഷധിയുടെ മാർഗനിർദേശങ്ങളുള്ള ബോർഡുകൾ, ഫാക്‌ടറിയുടെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിലേക്ക് കയറുന്നതിന് മുമ്പ് സോപ്പ് ലായനി ഉപയോഗിച്ച് കൈകൾ കഴുകാനുള്ള സൗകര്യം, പനിയുള്ളവരെ തിരിച്ചറിയാൻ തെർമൽ സ്‌കാനിംഗ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്ക് പ്രതിരോധശേഷി കൂട്ടാനുള്ള കഷായം പ്രവേശന കവാടത്തിൽ വച്ച് നൽകുന്നുണ്ട്.
ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കായി സാനിറ്രൈസർ അടങ്ങുന്ന ആയുർവേദ പ്രതിരോധ മരുന്ന് കിറ്ര് വിതരണം ചെയ്യുന്നുണ്ട്. പൊതുജനങ്ങൾക്കായി കുട്ടനെല്ലൂർ ഫാക്‌ടറിയുടെ കവാടത്തിന് പുറത്ത് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കാനുള്ള കിയോസ്ക് സജ്ജമാണ്. ഈ സാഹചര്യത്തിൽ ആയുർവേദത്തിന്റെ സാദ്ധ്യതകൾ പൊതുജന ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗപ്പെടുത്താൻ ഔഷധി പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്‌ടർ കെ.വി. ഉത്തമൻ പറഞ്ഞു.