തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട് ആറുപേർക്കും കൊച്ചിയിൽ അഞ്ച് പേർക്കും പാലക്കാട് ഒരാൾക്കുമാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനത്ത് സ്ഥിതി ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ 'ജനത കർഫ്യു'വിനോട് സംസ്ഥാന സർക്കാർ സഹകരിക്കുമെന്നും ഞായറാഴ്ച ബസുകളൊന്നും ഓടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസർകോട് ജില്ലയിൽ പ്രത്യേകം ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാസർകോട്ട് വിദേശത്ത് നിന്നും എത്തിയ ഒരാൾ നിയന്ത്രണം പാലിക്കാത്തതാണ് വിനയയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ഒരുപാട് സ്ഥലങ്ങളിൽ ഇയാൾ പോയിരുന്നു. പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങിലും പങ്കെടുക്കാനും ഫുട്ബോൾ മത്സരം കാണാനും ഇയാൾ പോയി. സംസ്ഥാനത്ത് എം.എൽ.എമാർ ഐസൊലേഷനിൽ ആകാൻ കാരണവും ഈ വ്യക്തി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ താൻ ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട്ടെ സർക്കാർ ഓഫീസുകൾ ഒരാഴ്ച കാലത്തേക്ക് അടച്ചിടുമെന്നും കടകൾ രാവിലെ 11 മുതൽ അഞ്ച് മണി വരെ മാത്രമേ തുറന്നിടാവുള്ളൂ എന്നും അദ്ദേഹം നിർദേശിച്ചു. ഇതോടൊപ്പം ജില്ലയിൽ ക്ലബുകളും ആരാധനാലയങ്ങളും അടച്ചിടും. സംസ്ഥാനത്ത് സ്‌കൂൾ അദ്ധ്യാപകർ നാളെ മുതൽ സ്‌കൂളിൽ വരേണ്ടതില്ല. എല്ലാവരും അതീവ ശ്രദ്ധയും കരുതലും പുലർത്തണം. കൊറോണ രോഗത്തിന്റെ വ്യാപനം ഒരു ഘട്ടം കടന്നതായി സംശയിക്കുന്നു. ആപത്തിലേക്ക് നീങ്ങിയാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകൾ അഞ്ച് ദിവസം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ശനിയും ഞായറും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. പൊതുഗതാഗതം നിശ്ചലമാകുമെന്നും മെട്രോകളും ആരാധനാലയങ്ങളും അടച്ചിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് ജുമാ നമസ്കാരം ഒഴിവാക്കണം. സർക്കാർ നൽകുന്ന നിർദേശങ്ങൾ ചിലർ ഇപ്പോഴും പാലിക്കുന്നില്ല. നിയന്ത്രണങ്ങൾ പാലിക്കാത്തത് സമൂഹത്തെ ബാധിക്കും. മതചടങ്ങുകളിലെ നിയന്ത്രണവും ചിലർ പാലിക്കുന്നില്ല. പ്രധാനമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങും. ഞായറാഴ്ച സ്വന്തം വീടുകളുടെ പരിസരം ശുചീകരിക്കണം. അദ്ദേഹം പറഞ്ഞു.