തൃശൂർ: രണ്ട് ഒളിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി കളിച്ച ഇതിഹാസതാരം പി.കെ. ബാനർജി, ഒരിക്കൽ കേരളത്തിന്റെ ഫുട്ബോൾ ദ്രോണാചാര്യന്റെ കൈപിടിച്ചു കുലുക്കി പറഞ്ഞു: 'വെൽഡൺ ചാത്തുണ്ണി...'
ബാനർജി ഈ ലോകത്തോട് വിടപറയുമ്പോൾ, ആ സന്ദർഭം ചാലക്കുടിയിലെ വീട്ടിലിരുന്ന്, ടി.കെ. ചാത്തുണ്ണി ഇങ്ങനെ ഓർത്തു:
'' 1973. ഞാൻ സാൽഗോക്കർ ടീമിന്റെ കോച്ച് ആയി ഈസ്റ്റ് ബംഗാളിനെതിരെ ഫെഡറേഷൻ കപ്പ് ഫൈനൽ കളിക്കുമ്പോൾ, ഈസ്റ്റ് ബംഗാൾ കോച്ചായി ബാനർജി സാറുണ്ടായിരുന്നു. ഫൈനൽ ഞങ്ങൾ 2 -1 ന് ജയിച്ചു. കളി കഴിഞ്ഞ ശേഷം എന്റെ അടുത്ത് വന്ന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു. ആ വാക്കുകൾ എനിക്ക് മറക്കാനാകില്ല.
1970ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ സംയുക്ത പരിശീലകരിൽ ഒരാളായിരുന്നു അദ്ദേഹം. ജി.എം. ബാഷയായിരുന്നു രണ്ടാമൻ. കോച്ച് എന്ന അധികാരത്തോടെയല്ല അദ്ദേഹം എല്ലാവരോടും പെരുമാറിയത്. ഇന്റർനാഷണൽ പ്ലെയർ ആയിരുന്നെന്ന ഭാവവും ഉണ്ടായിരുന്നില്ല. എല്ലാ കളിക്കാരോടും സ്നേഹത്തോടെ ഇടപഴകിയിരുന്നു. മലയാളികളോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൊച്ചു മകളുടെ വീട് കൊച്ചിയിലെ കാക്കനാടാണ്. ഒരിക്കൽ ഞാൻ അവിടെ പോയിട്ടുണ്ട്. ധൻരാജിന്റെ പേരിലുള പ്രദർശനമത്സരത്തിന്റെ ഭാഗമായി കൊൽക്കൊത്തയിൽ പോയപ്പോൾ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചു. പക്ഷേ, പറ്റിയില്ല. വെന്റിലേറ്ററായിരുന്നു അദ്ദേഹം. ''
ഇന്ത്യൻ ഫുട്ബാളിലെ എല്ലാ കിരീടങ്ങളും ആദ്യകാലങ്ങളിൽ ബഗാന്റെ പക്കലുണ്ടായിരുന്നെങ്കിലും, 1970കളിൽ അവരുടെ പ്രകടനത്തിന് തിളക്കം കുറഞ്ഞു. ഈസ്റ്റ് ബംഗാളിൽ നിന്നും പി.കെ. ബാനർജിയെ പരിശീലകസ്ഥാനത്തെത്തിക്കാൻ കഴിഞ്ഞതാണ് ആ തകർച്ചയിൽ നിന്നും കര കയറാൻ ബഗാനെ സഹായിച്ചത്.
കേരളത്തിന്റെ സ്വപ്നടീമായിരുന്ന കേരള പൊലീസിന്റെയും ഇന്ത്യൻ ഫുട്ബാളിലെ തലതൊട്ടപ്പന്മാരായ മോഹൻ ബഗാന്റെയും സാൽഗോക്കറിന്റെയും പരിശീലകനായിരുന്ന ചാത്തുണ്ണിയിലെ ഫുട്ബാളറുടെയും കോച്ചിന്റെയും വളർച്ചയ്ക്ക് പിന്നിൽ ബാനർജിയുടെ അഭിനന്ദനങ്ങളും ആവേശം പകരുന്ന പ്രോത്സാഹനങ്ങളുമുണ്ട്...