covid-

ന്യൂഡൽഹി : ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗബാധയിൽ ഇറ്റലിയിൽ ആയിരക്കണക്കിന് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. അവസാന റിപ്പോർട്ടുകൾ പ്രകാരം കൊറോണ രോഗത്തെതുടർന്നുള്ള ഇറ്റലിയിലെ മരണസംഖ്യ ചൈനയെയും മറികടന്നു. 3405 പേരാണ് കൊറോണ ബാധിച്ച് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. ഇറ്റലിയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. രോഗത്തെ തുടർന്നു മരിക്കുന്നവരുടെ മൃതദേഹങ്ങൾ പട്ടാള ട്രക്കുകളിലാണ് കൊണ്ടുതള്ളുന്നതെന്നാണ് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്യുന്നത്.

സെമിത്തേരികളിൽ അന്ത്യകർമ്മങ്ങൾക്ക് അഞ്ച് മിനിട്ടിൽ കൂടുതൽ അനുവദിക്കില്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് സെമിത്തേരിയുടെ ഗേറ്റിന് അകത്തേക്ക് പ്രവേശനമില്ല. മൃതശരീരങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാനോ അന്ത്യ ചുംബനം നൽകാനോ അനുവദിക്കില്ല. എത്തിക്കുന്ന ശരീരങ്ങൾ എത്രയും വേഗം കർമ്മങ്ങൾ നടത്തി മറവ് ചെയ്യാനാണ് പുരോഹിതരും ശ്രമിക്കുന്നത്.

ജനുവരിയിലും ഫെബ്രുവരിയിലും മേഖലയിലെ മരണനിരക്ക് ഉയരുന്നത് ശ്രദ്ധിച്ച മൃതദേഹം സംസ്‌കരിക്കുന്ന ഏജൻസികൾ അധികൃതരെ വിവരം ധരിപ്പിച്ചിരുന്നുവെന്നാണ് നടത്തിപ്പുകാർ പറയുന്നത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ബെർഗാമോയിൽ അനൗദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 600പേർ മരിച്ചതയാണ് വിവരം. കഴിഞ്ഞ ആഴ്ച ഇവിടെ 400പേരാണ് മരിച്ചത്. ഭൂരിഭാഗവും കൊറോണ പരിശോധന നടത്താത്തവരാണ് എന്നത് ഭീകരാവസ്ഥ വർദ്ധിപ്പിക്കുന്നു.