കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസതാരവും 1962ലെ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ടീം ക്യാപ്ടനുമായ പി.കെ ബാനർജി അന്തരിച്ചു.83 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ഒന്നരമാസമായി കൊൽക്കത്തയിൽ ചികിത്സയിലായിരുന്നു. മാർച്ച് രണ്ട് മുതൽ വെന്റിലേറ്രറിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്.
ഇന്ത്യൻ ഫുട്ബാളിന്റെ സുവർണ കാലത്തെ മിന്നും താരങ്ങളിൽ പ്രഥമ ഗണനീയനായ ബാനർജി രണ്ട് ഒളിംപിക്‌സുകളിൽ ബൂട്ടണിഞ്ഞു. 1960ൽ റോം വേദിയായ ഒളിമ്പിക്സിൽ ഇന്ത്യയുടെ ക്യാപ്‌ടനായിരുന്നു. 1964ൽ ടോക്കിയോയിൽ ഇന്ത്യ നാലാം സ്ഥാനം നേടിയപ്പോൾ ടീമിലെ പ്രധാന താരമായിരുന്നു. തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങി. വിരമിച്ച ശേഷം പരിശീലകനായും തിളങ്ങി. 1972 മുതൽ 1981വരെയും 1985ലും ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു. ഈസ്‌റ്ര് ബംഗാൾ, മോഹൻ ബഗാൻ എന്നീ വമ്പൻമാരുൾപ്പെടെയുള്ള ക്ലബുകളെയും പരിശീലിപ്പിച്ചു.
1961ൽ രാജ്യം അർജുന അവാർഡും 1990ൽ പത്മശ്രീയും നൽകി ആദരിച്ചു. 2004 ൽ ഫിഫ ഓർഡർ ഓഫ് മെറിറ്റ് പുരസ്‌കാരം നൽകി ആദരിച്ചു. മക്കൾ: പൗല ബാനർജി, പൂർണ ബാനർജി. ഇന്ത്യൻ ഫുട്‌ബാൾ ടീമിന്റെ മുൻ ക്യാപ്‌ടനും തൃണമൂൽ എം.പിയുമായിരുന്ന പ്രസൂൺ ബാനർജി സഹോദരനാണ്.