ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം (വർക്ക് ഫ്രം ഹോം) പ്രയോജനപ്പെടുത്തുന്നവർക്ക് ഒരുമാസത്തേക്ക് സൗജന്യ ബ്രോഡ്‌ബാൻഡ് വാഗ്‌ദാനം ചെയ്‌ത് ബി.എസ്.എൻ.എൽ. നിലവിൽ ലാൻഡ്‌ലൈൻ ഉള്ളവർക്കും പുതിയ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭ്യമാണ്. പുതിയ കണക്ഷൻ എടുക്കുന്നവർ മോഡത്തിന്റെ ചെലവ് വഹിക്കണം. ഇൻസ്‌റ്റലേഷൻ ചാർജ് ഉണ്ടാവില്ല.
ലാൻഡ്‌ലൈൻ ഉള്ളവരും നിലവിൽ ബ്രോഡ്‌ബാൻഡ് കണക്ഷൻ ഇല്ലാത്തവർക്കും ഒരുമാസത്തേക്ക് സൗജന്യ ബ്രോഡ്‌ബാൻഡ് അനുവദിക്കുമെന്ന് ബി.എസ്.എൻ.എൽ ഡയറക്‌ടർ വിവേക് ബൻസാൽ വ്യക്തമാക്കി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും സഹായകമാണ് ഈ ഓഫർ. പുതിയ കണക്‌ഷൻ എടുക്കാൻ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പോകേണ്ടതില്ല. ഫോൺ മുഖേന തന്നെ അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.